പേരമകനെ കാത്ത് വഴിക്കണ്ണുമായി കരീമും ലത്തീഫയും
ചെറുവത്തൂര്‍: കാല്പെരുമാറ്റം കേള്‍ക്കുമ്പോള്‍ ആശുപത്രികിടക്കയില്‍ നിന്നും ലത്തീഫ തലയുയര്‍ത്തി നോക്കും. അത് തന്റെ പൊന്നുമകനായിരിക്കുമോ എന്ന പ്രതീക്ഷ ആ കണ്ണുകളില്‍ നിറയും. ഓരോ തവണയും പ്രതീക്ഷ നിരാശയ്ക്ക് വഴിമാറുമ്പോള്‍ അവര്‍ പൊട്ടിക്കരയും.
രണ്ടര വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും പോയ പേരമകന് റാഷിദി (22) നായുള്ള കാത്തിരിപ്പിലാണ് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം എ കരീമും ഭാര്യ വി വി ലത്തീഫയും. രണ്ടര വര്‍ഷം മുമ്പാണ് പേരമകന് മുഹമ്മദ് റാഷിദ് ഗള്‍ഫിലേക്ക് പോയത്.
ഗള്‍ഫിലെത്തി രണ്ട് മൂന്ന് മാസം ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു വിവരവുമില്ല. ആദ്യമൊക്കെ വിളിച്ച നമ്പറിലേക്ക് വിളിച്ചാല്‍ ഫോണ്‍ കിട്ടുന്നുമില്ല. കരീം, ലത്തീഫ ദമ്പതികളുടെ മകളുടെ ആദ്യ വിവാഹത്തിലെ കുഞ്ഞായിരുന്നു റാഷിദ്. ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ രണ്ടര വയസുള്ള മകനെ ഉമ്മയെയും ഉപ്പയെയും ഏല്പിച്ച് മകള്‍ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. അന്ന് മുതല്‍ റാഷിദിനെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തത് ഉപ്പൂപ്പയും ഉമ്മൂമ്മയുമാണ്. കയ്യില്‍ കാശില്ലാത്തതിനാല്‍ കടം വാങ്ങിയാണ് റാഷിദിനെ വിദേശത്തേക്ക് അയച്ചത്. അര്‍ബുദ ബാധിതയായി പത്ത് വര്‍ഷത്തോളമായി ചികിത്സയിലാണ് 65 വയസുകാരിയായ ലത്തീഫ. 74 വയസുള്ള കരീം കരള്‍ രോഗബാധിതനുമാണ്. ഇപ്പോള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ലത്തീഫ. പേരമകനെ ഒന്ന് കണ്ടാല്‍ മാത്രം മതിയെന്നാണ് ഇരുവരും പറയുന്നത്. മകനെ കണ്ടെത്താന്‍ ആരെങ്കിലും തങ്ങളെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കരീമും ലത്തീഫയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."