കഠിനംകുളം കായലിലെ മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും: എ.ഡി.എം
തിരുവനന്തപുരം: കഠിനംകുളം കായലിലെ മാലിന്യം നീക്കംചെയ്യുന്നതിനു അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍ നിര്‍ദ്ദേശം നല്‍കി.
പ്രശ്‌ന പരിഹാരത്തിന് കലക്ടറേറ്റില്‍ ചേര്‍ന്ന പോത്തന്‍കോട് ബ്ലോക്ക്, കഠിനംകുളം, മംഗലപുരം, അണ്ടൂര്‍ക്കോണം, അഴൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും റവന്യൂ, ആരോഗ്യ, പൊലിസ് വിഭാഗങ്ങളുടേയും സംയുക്ത ആലോചനാ യോഗത്തിലാണ് എ.ഡി.എം നടപടികള്‍ക്ക് നിര്‍ദ്ദേശിച്ചത്.
മാലിന്യനീക്കത്തിന് ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പരമാവധി സഹായം തേടാന്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം. ബന്ധപ്പെട്ട പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ബ്ലിച്ചിങ് പൗഡര്‍, മരുന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടനടി എത്തിക്കാന്‍ ഡി.എം.ഒ നടപടി സ്വീകരിക്കണം. പ്രതിരോധ പ്രവര്‍ത്തനത്തിനും ബോധവല്‍കരണത്തിനും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളെ സംബന്ധിച്ച് പ്രദേശത്തെ നാല് പൊലിസ് സ്റ്റേഷനുകളും അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. മാലിന്യ നിക്ഷേപം നിരീക്ഷിക്കാന്‍ നാട്ടുകാരുടേയും പൊലിസിന്റെയേ സഹകരണത്തോടെ കര്‍മസമിതി രൂപീകരിക്കണം. പ്രദേശങ്ങളില്‍ പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്നും എ.ഡി.എം നിര്‍ദ്ദേശം നല്‍കി.
മാലിന്യ നീക്കത്തിന് പഞ്ചായത്തുകള്‍ക്ക് ഫണ്ട് പരിധി ഉള്ളതിനാല്‍ കൂടുതല്‍ തുകയ്ക്കായി ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി രൂപരേഖ തയ്യാറാക്കി ഡി.ഡി.പി. വഴി സര്‍ക്കാരിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. കായല്‍ സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളാനും എ.ഡി.എം. സ്ഥലം സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."