HOME
DETAILS
MAL
ആരോഗ്യമുള്ള ഹൃദയത്തിനായി
backup
April 22 2016 | 06:04 AM
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. സെക്കന്റുകളിലുണ്ടാവുന്ന ഹൃദയത്തിന്റെ താളം തെറ്റലുകളില്‍ ജീവിതം വരെ അവസാനിച്ചേക്കാം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മനസിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ വരെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പുചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയം നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്.
ഹൃദയം എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഹൃദ്രോഗം എന്ന രോഗമാണ്. ദിനം തോറും ഹൃദ്രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്.
അനാവശ്യ പിരിമുറുക്കങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇന്ന് മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാതെയായിരിക്കുന്നു. എത്ര വലിയ ആപത്താണ് ഇത്‌കൊണ്ട് വരാനിരിക്കുന്നതെന്ന് ആരും ആലോചിക്കുന്നില്ല. കൊളസ്‌ട്രോള്‍ നിലയിലെ വര്‍ധനവ് വളരെ അപകടം ക്ഷണിച്ചു വരുത്തും. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് വ്യായാമത്തിലേര്‍പ്പെടാന്‍ മലയാളികള്‍ ഇന്നും പഠിച്ചിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.
മറ്റൊരു വില്ലന്‍ പ്രമേഹമാണ്. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്. പക്ഷേ നിയന്ത്രണ വിധേയമായ പ്രമേഹം അപകടകാരിയല്ല. പ്രമേഹമുള്ളവരെ ഹൃദ്രോഗം കൊല്ലുന്നത് നിശബ്ദമായിട്ടാണ്. കാരണം പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഹൃദ്രോഗത്തെ തടഞ്ഞുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഹൃദ്രോഗികളില്‍ മുക്കാല്‍ ഭാഗം ആളുകളും പുകവലിക്കുന്നവരാണ്. പുകവലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാനിയാണ്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കാതെ ഹൃദയത്തെ സംരക്ഷിക്കുക അസാധ്യമാണ്.
ആരോഗ്യകരമായ ചിട്ട ഭക്ഷണത്തിലും വ്യായാമത്തിലും കൊണ്ടുവരണം. നാരടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദ്രോഗ തീവ്രത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ഏഴ് ഗ്രാം ഫൈബര്‍ അധികം കഴിക്കുമ്പോഴും ഹൃദ്രോഗ സാധ്യത കുറഞ്ഞുവരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗം മാത്രമല്ല മറ്റ് പല ജീവിതശൈലീ രോഗങ്ങളേയും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അകറ്റി നിര്‍ത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."