കൊച്ചി എണ്ണ ശുദ്ധീകരണശാലയെ ഹരിത റിഫൈനറിയാക്കി മാറ്റും: കേന്ദ്ര മന്ത്രി
കൊച്ചി: ജൈവമാലിന്യങ്ങളില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ കൊച്ചിന്‍ റിഫൈനറിയെ ഹരിത റിഫൈനറിയാക്കി മാറ്റുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 500 കോടിരൂപയാണ് ഇതിനായിവിനിയോഗിക്കുക. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി കുറച്ച് ബദല്‍ ഇന്ധന സാധ്യതകള്‍ തേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹരിത റിഫൈനറിപോലുള്ള പദ്ധതികള്‍. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും ഇന്ധന ഇറക്കുമതി പത്തുശതമാനമെങ്കിലും കുറയ്ക്കാന്‍കഴിയുന്നതരത്തിലുള്ള ബദല്‍ ഇന്ധന സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയേണ്ടതുണ്ടെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയമാണെന്നു ധര്‍മ്മേന്ദ്ര പ്രധാന്‍ ചൂണ്ടിക്കാട്ടി.
ഇന്ധന ഉപഭോഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപഭോഗത്തില്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നിടത്ത് വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച 11 ശതമാനമായിരുന്നു. 15- 16 വര്‍ഷത്തില്‍ ഇന്ധന ഉപഭോഗം 183 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇത് 200 മില്ല്യണ്‍ മെട്രിക് ടണ്‍ ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത് 15 വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന ഉപഭോഗം 500 മില്ല്യണ്‍ മെട്രിക് ടണ്‍ ആകുമെന്ന് കണക്കുകള്‍ പ്രവചിക്കുന്ന സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതി കുറച്ച് ബദല്‍ ഊര്‍ജ സാധ്യത തേടുന്നതിന്റെ പ്രാധാന്യം വര്‍ധിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും മംഗലൂരിലേക്കുള്ള പെപ്പിടല്‍ ജോലികള്‍ സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കും. വാഹനഗതാഗതത്തിന് സി.എന്‍.ജി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് നടത്തണമെന്ന് സംസ്ഥാന വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചി റിഫൈനറിയുടെ അന്‍പത് വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന കോഫീ ടേബിള്‍ ബുക്ക് ധര്‍മേന്ദ്ര പ്രധാന്‍ പ്രകാശനം ചെയ്തു.
രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍, പ്രൊഫ കെ.വി തോമസ് എം.പി, ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, ഹൈബി ഈഡന്‍, എം സ്വരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."