ഒടുവില്‍ ദുബൈ കപ്പല്‍ തീരം വിട്ടു; കടലില്‍ വഴിമുടക്കിയതിനു പിഴ 21,000 രൂപ
പൊന്നാനി: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പൊന്നാനി കടലില്‍ കുടുങ്ങിയ ദുബൈ കപ്പല്‍ പൊന്നാനി തീരം വിട്ടു. ഗള്‍ഫിലെ ഒരു വ്യവസായിയുടെ കപ്പല്‍ കൊറിയയില്‍ നിന്നു ദുബൈയിലേക്കു പോകുന്ന വഴിക്കാണ് എന്ജിന് ഓയില്‍ തീര്‍ന്നതിനെത്തുടര്‍ന്നു പൊന്നാനി കടലില്‍ കുടുങ്ങിയത്. കൊറിയയിലെ ബുസാന്‍ തുറമുഖത്തുനിന്നു ദുബായിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ഓഗസ്റ്റ് 30നു രാത്രിയാണു കപ്പല്‍ പൊന്നാനിയില്‍ കുടുങ്ങിയത്.
കൊച്ചിയില്‍നിന്ന് ഓയില്‍ വാങ്ങാമെന്നു കണക്കുകൂട്ടിയാണു യാത്ര തുടങ്ങിയതെങ്കിലും ഏജന്റ് പറ്റിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഇണങ്ങിയ കമ്പനിയുടെ ഓയില്‍ കിട്ടിയില്ല. അതോടെ കപ്പലിന്റെ കഷ്ടകാലവും തുടങ്ങി. കൊറിയക്കാരന് ഫാരിസ് സലേമിയാണു കപ്പലിന്റെ ക്യാപ്റ്റന്‍.
തമിഴ്നാട്ടുകാരന് കാര്ത്തികേയന് രവിചന്ദ്രനാണ് എന്‍ജിനീയര്‍. പഞ്ചാബില്‍നിന്നുള്ള ഹര്‍ദേവ് സിങ്ങാണു തേഡ് ഓഫിസര്‍. ഇവരെക്കൂടാതെ ആറുപേര്‍ കൂടി കപ്പലിലുണ്ട്. ഓയില്‍ സംബന്ധിച്ചു ക്യാപ്റ്റനും എന്‍ജിനീയറും തര്ക്കത്തിലായതാണു കൊച്ചിയില്‍ നിന്ന് ഓയില്‍ വാങ്ങിക്കാതിരിക്കാന്‍ കാരണം .
തര്‍ക്കം മൂത്തപ്പോള്‍ കപ്പല്‍ നടുക്കടലിലായി. പിന്നീട് ഇരുവരെയും പൊന്നാനി പൊലീസ് കൂട്ടിക്കൊണ്ടുപോയി. കടലില്‍ വഴിമുടക്കി കിടന്നതിനു 21,000 രൂപ പിഴയടപ്പിച്ചു. കോസ്റ്റ് ഗാര്ഡുകാരും പൊലീസുകാരും നിരന്തരം കയറിയിറങ്ങി. മൂന്നാഴ്ചത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍നിന്ന് ഓയില്‍ കൊണ്ടുവന്നു.
ദുബായിലുള്ള ഉടമ ഇടപെട്ടതിനെത്തുടര്‍ന്നാണു പ്രശ്നത്തിനു പരിഹാരമായത്. കപ്പല്‍ കൊണ്ടുപോകാത്തതു സംബന്ധിച്ചു കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പൊന്നാനി അഴിമുഖത്തെ ലൈറ്റ് ഹൗസിനു സമീപത്തു കപ്പല്‍ കാണാന്‍ നിരവധി പേരാണ് തീരത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."