ലഹരി മാഫിയ പിടിമുറുക്കുന്നു
തൃശ്ശൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കുന്നു. വന്‍തോതിലുള്ള ലഹരി വസ്തുക്കളാണ് ജില്ലയിലേക്ക് ദിനംപ്രതി എത്തുന്നത്. യുവാക്കളേയും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചാണ് ഇവ വരുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടായില്ല എങ്കില്‍ ജില്ലയിലെ പുതിയ തലമുറയെ തന്നെ ലഹരി നശിപ്പിക്കും. ജില്ലയിലെ പലഭാഗങ്ങളിലും ലഹരി മാഫിയകള്‍ ഗുണ്ടാ സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അധികാരികള്‍ക്ക് നേരെ പോലും ലഹരി മാഫിയകള്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതിലാണ് ജില്ലയിലേക്ക് കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നത്. ഇതരസംസ്ഥാനക്കാരെയും ലക്ഷ്യം വച്ചും മാഫിയകള്‍ എത്തുന്നുണ്ട്. അതുപോലെ സ്കൂള്‍ വിദ്യാര്‍ഥികളെ നോട്ടമിട്ട് ലഹരി വില്‍പ്പന നടത്തുന്നത് കുട്ടികള്‍ തന്നെയുള്ള ലഹരി സംഘങ്ങളാണ്. കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍ക്ക് പുറമെ പലവിധത്തിലുള്ള മരുന്നുകളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലഹരിയായി വില്‍പ്പന നടത്തുന്നുണ്ട്. അധികാരികളുടെ ഭാഗത്ത് നിന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണവും ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."