കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിയ വകയില്‍ സബ്‌സിഡി ലഭ്യമായില്ല
തൃക്കരിപ്പൂര്‍: കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിയ ഇനത്തില്‍ സബ്‌സിഡിയായി കിട്ടേണ്ട 35 ലക്ഷം ഇനിയും ലഭ്യമായില്ല. നീലേശ്വരം ബ്ലോക്കിലെ മുന്നൂറോളം കര്‍ഷകരാണു പ്രഭാകരന്‍ കമ്മിഷന്റെ വാഗ്ദാനത്തില്‍ വിശ്വാസം അര്‍പ്പിച്ച് കാര്‍ഷികോപകരണങ്ങള്‍ വാങ്ങിച്ചത്. ജില്ലയുടെ പിന്നാക്കവസ്ഥ പരിഹരിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ കര്‍ഷകര്‍ക്കായി തയാറാക്കിയ പദ്ധതിയിലാണു കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയത്.
ഒാരോ ഉപകരണത്തിനും അന്‍പതു ശതമാനം സബ്‌സിഡിയാണു പ്രഖ്യാപിച്ചത്. മുഴുവന്‍ വിലയും കൊടുത്തു കര്‍ഷകര്‍ ഉപകരണം വാങ്ങിച്ചു കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റു സഹിതം ബില്‍ കഴിഞ്ഞ ജനുവരിയില്‍ തന്നെ കൈമാറി.
പലരും ബാങ്കില്‍ നിന്നു വായ്പയെടുത്തും ചിട്ടി തുകയും മറ്റും ഉപയോഗിച്ചുമാണു യന്ത്രങ്ങള്‍ വാങ്ങിയത്. 65 ലക്ഷം രൂപയുടെ യന്ത്രം വാങ്ങിയ ഇനത്തില്‍ 35 ലക്ഷം രൂപയാണു സബ്‌സിഡിയായി ലഭിക്കേണ്ടത്. നിരവധി തവണ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ കയറിയിറങ്ങിയെങ്കിലും ആനുകൂല്യം നല്‍കാന്‍ തയാറായില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ പണമില്ലന്ന കാരണം പറഞ്ഞു ട്രഷറിയില്‍ നിന്നു തിരിച്ചയച്ചു. പണം ലഭിക്കുന്ന മുറക്കു സബ്‌സിഡി നല്‍കാമെന്ന നിലപാടാണു ജീവനക്കാരുടേത്. പുതിയ സര്‍ക്കാര്‍ വന്നിട്ടു മാസങ്ങളായെങ്കിലും അലംഭാവം തുടരുകയാണെന്നാണ് ആക്ഷേപം.
സബ്‌സിഡി യഥാസമയം ലഭിക്കാതായതോടെ കര്‍ഷകര്‍ കടക്കെണി ഭീഷണിയിലാണ്. അനുവദിച്ച സബ്‌സിഡി തുക ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."