കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിപുലീകരിക്കും: സി.എം.എ
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കാഞ്ഞങ്ങാട് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി ഇവിടെയുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്നു സതേണ്‍ റെയില്‍വേ ചീഫ് മെറ്റീരിയല്‍ മാനേജര്‍ (സി.എം.എം) വി സുധാകരറാവും സംഘവും പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഇവര്‍ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും പരിസരവും സന്ദര്‍ശിച്ചു വിശദമായ പഠനം നടത്തി. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍തന്നെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സമര്‍പ്പിക്കും. സ്റ്റേഷന്റെ തെക്കുഭാഗത്ത് മാലിന്യങ്ങള്‍ തള്ളി കാടുമൂടി വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ടു നികത്തി ഉപയോഗയോഗ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് സി.എം.എം.പറഞ്ഞു.
നാലു മണിക്കൂറുകളോളം ഇവര്‍ സ്റ്റേഷനും പരിസരവും വിശദമായി പരിശോധിച്ചു. സ്റ്റേഷനില്‍ സസ്യ സസ്യേതര ഭോജനശാലകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ പണിയാന്‍ ഇപ്പോള്‍ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം. സ്റ്റേഷന്റെ വടക്കുഭാഗത്ത് റെയില്‍വേ ഗേറ്റുവരെയുള്ള സ്ഥലം പൂര്‍ണമായും മണ്ണിട്ടു നികത്തി പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കണമെന്നാണു മറ്റൊരു നിര്‍ദേശം.
ഇതിനു സന്നദ്ധ സംഘടനകളുടെ സഹായം തേടും. റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുമുള്ള നടപടികള്‍ ഉണ്ടാക്കും. സ്റ്റേഷന്‍ പരിസരം കാടുമൂടികിടക്കുന്നതും വിളക്കുകള്‍ തെളിയാത്തതും സാമൂഹ്യ ദ്രോഹികള്‍ സ്റ്റേഷന്‍ പരിസരം കീഴടക്കുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കല്‍, റാണിപുരം, തീര്‍ഥാടന കേന്ദ്രങ്ങളായ ആനന്ദാശ്രമം, കേന്ദ്രസര്‍വകലാശാല, തലക്കാവേരി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റെയില്‍വേ സ്റ്റേഷനായ കാഞ്ഞങ്ങാട് എല്ലാവിധ സൗകര്യങ്ങളോടും കൂടി വിപുലീകരിക്കും. റെയില്‍വേ പ്ലാറ്റുഫോം സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു മാഫിയകളുടെയും താവളമാക്കി മാറ്റുന്നതു തടയാന്‍ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണസേന(ആര്‍.പി.എഫ്) യുടെ ഔട്ട് പോസ്റ്റ് സ്ഥാപിക്കും. ഇരു പ്ലാറ്റുഫോമുകളിലും കൂടുതല്‍ മേല്‍ക്കൂരകളും സോളാര്‍ വിളക്കുകളും ശുദ്ധജല വിതരണ സംവിധാനങ്ങളും സ്ഥാപിക്കാനും നടപടിയുണ്ടാകും.
സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ്‌മേനോന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ അഷറഫ്, നഗരവികസന സമിതി ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്‌ലം, റവ.ഫാദര്‍ മാത്യു ആലങ്കോട്, സി.എ പീറ്റര്‍, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നവീന്‍കുമാര്‍ തുടങ്ങിയവര്‍ സുധാകരറാവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. യാത്രക്കാരില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലെ വ്യാപാരികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."