തെങ്ങിനു മുകളില്‍ കയറി ബസ് കണ്ടക്ടറുടെ ആത്മഹത്യാശ്രമം
ആെലുവ: ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയുടെ മുള്‍മുനയിലാക്കി അമ്പതടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ കയറി ബസ് കണ്ടക്ടറുടെ ആത്മഹത്യാശ്രമം. ചൂണ്ടി വിജയനഗര്‍ റോഡില്‍ തോട്ടപ്പള്ളി ടി.ടി. ജോണി (54) ആണ് ഇന്നലെ പുലര്‍ച്ചെ നാടിനെ വിറപ്പിച്ചത്.
ആറ് മണിയോടെ മണ്ണെണ്ണയും കത്തിയും ബ്ലേഡും മൊബൈല്‍ ഫോണുമായി വീടിനു മുന്നിലെ 50 അടിയോളം ഉയരമുള്ള തെങ്ങില്‍ ഇയാള്‍ നാല് മണിക്കൂറോളം നാട്ടുകാരെയും പൊലീസിനേയും ഫയര്‍ഫോഴ്‌സിനെയും അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ അന്‍വര്‍ സാദത്ത് എം.എല്‍.എ ഇടപ്പെട്ടാണ് ഒടുവില്‍ താഴെയിറക്കിയത്.
എഴുവര്‍ഷം മുമ്പ് ആലുവ റെയില്‍വേ ഗുഡ്‌സ് ഷെഡിന് സമീപം വച്ച് ഗുണ്ടാസംഘം ജോണിനെ മര്‍ദ്ദിച്ച് കഴുത്തില്‍ കിടന്ന മാലയും ബസിലെ പണമടങ്ങിയ കളക്ഷന്‍ ബാഗുമം മോഷ്ടിച്ചിരുന്നു. ആലുവ കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും അപ്പീലില്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ഇതറിഞ്ഞതിനെ തുടര്‍ന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം.
തെങ്ങിനു മുകളില്‍ കയറിയ ശേഷം ജോണി തന്നെയാണ് മൊബൈല്‍ ഫോണില്‍ ഭാര്യയേയും ബംഗ്ലൂരില്‍ നഴ്‌സിങ്ങിന് പഠിക്കുന്ന മകളെയും ഹൈദരാബാദ് ജെഎന്‍യുവില്‍ പഠിക്കുന്ന മകനേയും വിവരം വിളിച്ചറിയിച്ചത്. അച്ഛന്‍ താഴെയിറങ്ങിയില്ലെങ്കില്‍ താനും ആത്മഹത്യ ചെയ്യുമെന്ന് മകളും ഫോണില്‍ ഭീഷണി മുഴക്കിയെങ്കിലും ജോണി പിന്മാറിയില്ല.
തുടര്‍ന്ന് ഹൈദരാബാദിലുള്ള മകനാണ് നാട്ടുകാരെയും അയല്‍വാസികളെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്. നാട്ടുകാരുംഎടത്തല പൊലിസും ആലുവ ഫയര്‍ഫോഴ്‌സ് യൂനിറ്റും തുടര്‍ന്ന് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പ്രതികളെ ശിക്ഷിക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ സ്ഥലത്തെത്തിയ എം.എല്‍.എ ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കി. ഇത് ജോണിയുടെ ഭാര്യ ഉച്ചത്തില്‍ വായിച്ച് കേള്‍പ്പിച്ച ശേഷമാണ് ആത്മഹത്യ ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് മണ്ണെണ്ണ കുപ്പി, കത്തി, ബ്‌ളേഡ് എന്നിവയെല്ലാം താഴേക്ക് ഇട്ടു. പിന്നീട് ഫയര്‍ഫോഴ്‌സ് ഇയാളെ താഴെക്കിറമ്പോഴേക്കും പാതി അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് വി.എസ്. സുകുമാരന്‍, ലീഡിംഗ് ഫയര്‍മാന്‍ ചാര്‍ജ് പി.കെ. പ്രസാദ്, പി.ആര്‍. ബാബു, എം.പി. നിസാം, കെ. രാഹുല്‍, വൈ. നാദിര്‍ഷ, ജോസഫ് ബാബു എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."