കാലിക്കറ്റ് സര്‍വകലാശാലയില്‍ സായ് സെന്റര്‍ തുടങ്ങും; കേന്ദ്ര കായികമന്ത്രി
തേഞ്ഞിപ്പലം: സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയാണെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ സായ് സെന്റര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി കേന്ദ്ര മന്ത്രി. അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഉറപ്പുവരുത്താനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപവല്‍ക്കരിക്കുമെന്നും കേന്ദ്ര സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് മന്ത്രി വിജയ് ഗോയല്‍ പ്രസ്താവിച്ചു.
അന്താരാഷ്ട്ര അത്‌ലറ്റുകള്‍ക്കും വിവിധ സായ് പദ്ധതികളിലൂടെ വളരുന്ന യുവതാരങ്ങള്‍ക്കും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ ലോഞ്ച് ചെയ്യും. 'ഖേലോ ഇന്ത്യ' പദ്ധതിയില്‍ സ്‌പോര്‍ട്‌സ് വികസനത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഖോ-ഖോയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായികതാരം കൂടിയാണ് കേന്ദ്ര മന്ത്രി. പരിശീലനത്തിന് ഇന്ത്യന്‍ കോച്ചുമാര്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
കാംപസിലെ മികച്ച സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നത് സവിശേഷതയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയുടെ വികസനത്തിന് വിവിധ ഏജന്‍സികളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു.
ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന അടുത്ത ഏഷ്യന്‍ ബീച്ച് ഗെയിംസ് കേരളത്തിന് നല്‍കണമെന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. പി.ടി ഉഷ, ഒ.എം നമ്പ്യാര്‍, ഡി ചന്ദ്രലാല്‍, ജോസഫ് എബ്രഹാം ഉള്‍പ്പെടെ അന്താരാഷ്ട്ര അത്‌ലറ്റുകള്‍ക്കും വിവിധ സായ് പദ്ധതികളിലൂടെ വളരുന്ന യുവതാരങ്ങള്‍ക്കും മന്ത്രി വിജയ് ഗോയല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
സ്‌പോര്‍ട്‌സ് പവലിയന്‍ നിര്‍മ്മിക്കുന്നതിനായി സര്‍വകലാശാല കായിക പഠനവകുപ്പ് തയാറാക്കിയ 15 കോടി രൂപയുടെ പദ്ധതി വൈസ് ചാന്‍സലര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. പി.ടി ഉഷ, സഞ്ജീവ് കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ടി.പി അഹമ്മദ്, കെ.കെ ഹനീഫ, കോച്ച് ഒ.എം നമ്പ്യാര്‍ തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."