ബി.ജെ.പി ബാന്ധവം: വെള്ളാപ്പള്ളിയും മകനും തമ്മില്‍ വീണ്ടും പോര്
ആലപ്പുഴ: ബി.ജെ.പി- ബി.ഡി.ജെ.എസ് ബാന്ധവം തുടരുന്നതിനെചൊല്ലി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും തമ്മില്‍ വീണ്ടും വാക്‌പോര്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. ബി.ജെ.പിയുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണുണ്ടാക്കിയതെന്നാണ് വെള്ളാപ്പള്ളി ആവര്‍ത്തിച്ചത്. കൂടാതെ ബന്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായവും വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം വെള്ളാപ്പള്ളിയുടെ നിലപാടിനെതിരേ തുഷാര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തു.
ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നുവെന്നും അതില്‍ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം പുറത്തുവന്നയുടന്‍ തന്നെ ഇതിനെ നിഷേധിച്ച് തുഷാറും രംഗത്തുവന്നു. എന്‍.ഡി.എ ബാന്ധവം നഷ്ടക്കച്ചവടമല്ലെന്ന് തുഷാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
അതേസമയം അധികാരമോഹവുമായി എന്‍.ഡി.എ പാളയത്തിലെത്തിയ വെള്ളാപ്പള്ളി അവഗണനയില്‍ തികഞ്ഞ അതൃപ്തിയിലാണ്. ഈ നിരാശയാണ് വെള്ളാപ്പള്ളി പരസ്യ പ്രസ്താവനകളിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ യോഗത്തിന്റെ കുത്തകയായ ആലപ്പുഴ ജില്ലയില്‍ ഇപ്പോള്‍ സി.പി.എം നേതാക്കളുമായി ഏറെ അടുപ്പത്തിലാണ് വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ഉള്‍ഭയവും രക്ഷക്കായി ബി.ജെ.പി നേതൃത്വം എത്താതിരുന്നതും വെള്ളാപ്പള്ളിയെ ഇടത്തോട്ട് ചായാന്‍ പ്രേരിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."