അണികളെ ആവേശത്തിലാക്കി മോദി
കോഴിക്കോട്: തീപ്പൊരി പ്രസംഗവുമായി പതിനായിരങ്ങളെ കൈയിലെടുത്ത് മോദി. പ്രിയനേതാക്കളെ ഒന്നുകാണാന്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തിനു നേരെ പതിവുപോലെ പ്രധാനമന്ത്രിയുടെ കൈവീശല്‍. അതു മതിയായിരുന്നു കനത്തവെയിലിലും മോദിയെ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്. വൈകിട്ട് 5.40 ഓടെ വേദിയിലെത്തി 15 മിനുട്ടിനകം പ്രസംഗ പീഠത്തിലേക്ക്. മലയാളത്തിലായിരുന്നു തുടക്കം. 'സഹോദരീ സഹോദരന്‍മാരെ.. സാമൂതിരിയുടെ മണ്ണില്‍ വിശാലമായ ഈ സമ്മേളനത്തിന് എത്തിയ എല്ലാവര്‍ക്കും ആശംസകള്‍. പഴശ്ശിരാജയുടെയും കുഞ്ഞാലിമരക്കാരുടെയും നാട്ടില്‍ നിങ്ങളെ കാണാന്‍ എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ട് '- മലയാളത്തിലുള്ള മോദിയുടെ ഓരോ വാക്കുകളും നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അരമണിക്കൂര്‍ നീണ്ട പ്രസംഗം പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു. പാകിസ്താനെതിരേയുള്ള ഓരോ വാക്കുകള്‍ക്കും നിറഞ്ഞ കരഘോഷവുമായി സദസും ആവേശമാക്കി.
ഉച്ചയോടെ തന്നെ പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ചെറുകൂട്ടങ്ങളായി കാവിക്കൊടിയേന്തി സദസില്‍ സ്ഥാനംപിടിച്ചു. 3.20ന് ചടങ്ങുകള്‍ ആരംഭിച്ചു. 3.45ന് ദേശീയ പ്രസിഡന്റ് അമിത് ഷാ എത്തി. അതിനും മുന്‍പേ വേദി കൈയടക്കി കയ്യടി വാങ്ങിയത് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയായിരുന്നു. 4.40ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എത്തി. ശേഷം സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ തകര്‍പ്പന്‍ പ്രസംഗം. പരിഭാഷയ്ക്കുപോലും അവസരം നല്‍കാതെയുള്ള അദ്ദേഹത്തിന്റെ പ്രസംഗം സദസിനെ ആകര്‍ഷിച്ചു.
നിശിതമായി വിമര്‍ശിക്കുന്നതിനൊപ്പംതന്നെ ഹാസ്യരൂപേണയുള്ള പരിഹാസവും കോണ്‍ഗ്രസിനെ ചെന്നിത്തല കോണ്‍ഗ്രസ്, ചാണ്ടികോണ്‍ഗ്രസ് എന്ന് ഇംഗ്ലീഷില്‍ വിമര്‍ശിച്ചതും പ്രവര്‍ത്തകര്‍ ആഘോഷമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നതുവരെ പ്രസംഗം തുടരാന്‍ അദ്ദേഹത്തോട് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞയുടനെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. അഞ്ചുമിനുട്ടിനുശേഷം 5.50 ഓടെ മോദി വേദിയിലെത്തി. വേദിക്കു പിന്നിലൂടെ വന്‍ കരഘോഷത്തോടെ എത്തിയ പ്രധാമന്ത്രിയെ സദസ് എഴുന്നേറ്റുനിന്ന് സ്വീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."