തീവണ്ടിവീട്
അബ്ദുല്ല പേരാമ്പ്ര
എനിക്കിപ്പോഴും തീവണ്ടി
മറ്റൊരുവീടാണ്.
കരുതിവയ്ക്കാനോ
കരുണകിട്ടാനോ ഇല്ലാതെ
ഒറ്റയ്ക്കുള്ള യാത്രകളില്‍
എന്നോടൊപ്പം കരഞ്ഞിട്ടുണ്ടവന്‍.
ഓര്‍മയില്ലാഞ്ഞിട്ടല്ല,
ഒച്ചയെടുത്ത് കയര്‍ക്കുന്ന ഉറ്റവരെ പോലെ.
ചില നേരങ്ങളിലവന്‍ ക്ഷോഭിച്ചിരുന്നു.
മറ്റുചിലപ്പോള്‍,
മൗനത്തിന്റെ കയങ്ങളില്‍
ചൂളം വിളിയില്ലാതെ
എന്നെ പുണര്‍ന്നു കിടന്നു
ജാലകക്കാഴ്ചകളില്‍ പെരുകും
ദൃശ്യവിരുന്നുകളില്‍
ഘടികാരം നിലയ്ക്കുന്നതപ്പോഴാണ്
എന്റെ നെഞ്ചിലെ ചൂട്
അതിന്റെ ധമനികളില്‍ പൂത്തു
ആരും കാണാതെ ഞാനെന്റെ കണ്ണീര്‍ തുടച്ചപ്പോള്‍
അതിന്റെ കണ്ണുകളും നിറഞ്ഞത് കണ്ടു.
കടുകുപാടങ്ങള്‍കിടയിലെ അസ്തമയ ചുവപ്പില്‍
മഞ്ഞുകാറ്റിന്റെ തണുത്ത വിരലുകള്‍
മുറിവുകളില്‍ സിംഫണിയിട്ടു രസിച്ചു
വിളക്കെരിയുന്ന കുന്നുകളെ,
കെട്ടിമറിയുന്ന പുഴകളെ,
കൊഞ്ഞനം കാട്ടി മായുന്ന മരങ്ങളെ,
ഇതാ ഒരു തീവണ്ടി
സ്വപ്നങ്ങള്‍ നിറച്ച് പായുന്നു.
സങ്കടപ്പെരുക്കങ്ങളിലേക്ക്
സ്വയം കത്തിയലറും
അതില്‍ മറ്റൊരു കുന്നായ്, പുഴയായ്
ഒറ്റക്ക് കത്തും മരമായ്
വേവുകയാണിന്നു ഞാന്‍.
അതാ ഒരു തീവണ്ടി പാലം മുറിച്ചുകടക്കുന്നു.
ജീവിതകവിത
പി.ആര്‍ രതീഷ്
ചിരിച്ചു കൊണ്ട് തുടങ്ങുന്നു
കരഞ്ഞു കൊണ്ട് ഒടുങ്ങുന്നു
ഇടയ്ക്ക് തിരിച്ചറിയുമ്പോഴേക്കും
മറ്റൊരു കദളീവനത്തിലും.
പകരം വയ്ക്കാന്‍
ഓര്‍മകളില്‍
മറ്റൊന്നുമില്ലാതെ
പിടഞ്ഞ് പിടഞ്ഞ്
മുറിവുണങ്ങാത്ത സ്വപ്നവുമായി
നിന്റെ അസാന്നിധ്യവും പേറി
ജീവിതം പൂങ്കുലയില്‍
കവിതയായി തന്നെനില്‍ക്കും ഞാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."