പരാതി അന്വേഷിക്കാനെത്തിയ ഡി.എം.ഒയോടു ഡോക്ടര്‍ തട്ടിക്കയറി
രാജപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഏക ഡോക്ടര്‍ ഡ്യൂട്ടിക്കെത്തുന്നില്ലെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാന്‍ നേരിട്ടെത്തിയ ഡി.എം.ഒയോടു ഡോക്ടര്‍ തട്ടിക്കയറിയതായി ആക്ഷേപം. ആശുപത്രി രജിസ്റ്റര്‍ ഡി. എം.ഒ യ്ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. കൊട്ടോടി ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായ വനിതാ ഡോക്ടറാണ് നാട്ടുകാരുടെ മുന്നില്‍ വച്ച് ഡി.എം.ഒയോടു കഴിഞ്ഞ ദിവസം മോശമായി പെരുമാറിയത്. ഡോക്ടര്‍ പതിവായി ഡ്യൂട്ടിക്കെത്താത്തതിനാല് രോഗികള്‍ പലപ്പോഴും തിരിച്ചുപോവുകയാണു പതിവെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനാണു ഡി.എം.ഒ ഡോ. എ.വി സുരേശന് കൊട്ടോടിയിലെത്തിയത്. സ്ഥലത്ത് ഡി.എം.ഒ എത്തിയിട്ടും ഏറെ വൈകിയാണ് ഡോക്ടറെത്തിയത്.
തുടര്‍ന്ന് ഡി.എം.ഒ ഹാജര്‍ രജിസ്റ്ററില്‍ ഉച്ചവരെ അവധി രേഖപ്പെടുത്തിയപ്പോഴാണ് ഡോക്ടര്‍ തട്ടിക്കയറിയതും രജിസ്റ്റര്‍ ഡി.എം.ഒയ്ക്കു നേരെ വലിച്ചെറിയുകയുമുണ്ടായത്. സംഭവം സംബന്ധിച്ച് വകുപ്പ് ഡയറക്ടറെ ഫോണില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
സംഭവത്തിനു ശേഷം ഡോക്ടര്‍ അവധിയിലാണെന്നും അവധി അപേക്ഷ കിട്ടിയാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കൊട്ടോടി ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."