ഇത്തിക്കര, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തുകള്‍ ഒ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്തുകളായി
കൊല്ലം: ഓച്ചിറയ്ക്ക് പുറമേ ഇത്തിക്കര, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തുകള്‍ കൂടി ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ബ്ലോക്ക് പഞ്ചായത്തുകളായി.
ഇതോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിമുറി ബ്ലോക്കുകളുടെ എണ്ണം 3 ആയി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലുളള 5 ഗ്രാമ പഞ്ചായത്തുകളും സമ്പൂര്‍ണ ശുചിമുറി നേട്ടം കൈവരിച്ചു. കല്ലുവാതുക്കല്‍ 256, ചിറക്കര 137, പൂതക്കുളം 100, ആദിച്ചനല്ലൂര്‍ 127, ചാത്തന്നൂര്‍ 97 എന്നിങ്ങനെ ആകെ 717 ശുചിമുറികളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുളളത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളും സമ്പൂര്‍ണ ശുചിമുറി നേട്ടം കൈവരിച്ചതോടെയാണ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും വെളിയിട വിസര്‍ജ്ജനമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറിയത്. നെടുവത്തൂര്‍ 218, കരീപ്ര 210, വെളിയം 117, പൂയപ്പളളി 80, എഴുകോണ്‍ 51 എന്നിങ്ങനെ ആകെ 676 ശുചിമുറികളാണ് ബ്ലോക്ക് അതിര്‍ത്തിയില്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ഒ.ഡി.എഫ് ശുചിമുറി നിര്‍മാണ നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്തുകള്‍ ശുചിമുറികളുടെ പൂര്‍ത്തീകരണത്തില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
പത്തനാപുരം ബ്ലോക്കില്‍ 1224 ശുചിമുറിയാണ് പൂര്‍ത്തീകരിക്കേണ്ടതെങ്കിലും ഇതുവരെ 437 മാത്രമാണ് (35.70 ശതമാനം) പൂര്‍ത്തീകരിച്ചിട്ടുളളത്. അഞ്ചല്‍ ബ്ലോക്കില്‍ 2399 ശുചിമുറിയാണ് പൂര്‍ത്തീകരിക്കേണ്ടതെങ്കിലും ഇതുവരെ 904 മാത്രമാണ് (39.60 ശതമാനം) പൂര്‍ത്തീകരിച്ചിട്ടുളളത്. ചടയമംഗലം ബ്ലോക്കില്‍ 1552 ശുചിമുറിയാണ് പൂര്‍ത്തീകരിക്കേണ്ടതെങ്കിലും ഇതുവരെ 791 മാത്രമാണ് (50.97 ശതമാനം) പൂര്‍ത്തീകരിച്ചിട്ടുളളത്.
വെട്ടിക്കവല 53.13, ചിറ്റുമല 53.33, ശാസ്താംകോട്ട 66.00, മുഖത്തല 79.00, ചവറ 93.11 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ പൂര്‍ത്തീകരണ ശതമാനം.
പന്മന, തൃക്കോവില്‍വട്ടം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ 90 ശതമാനം ശുചിമുറികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 9 ഗ്രാമ പഞ്ചായത്തുകളില്‍ 70 മുതല്‍ 89 ശതമാനം വരെ ശുചിമുറികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശുചിമുറികളുടെ പൂര്‍ത്തീകരണം 10 ശതമാനത്തില്‍ താഴെയാണ്. ആര്യങ്കാവ്, പത്തനാപുരം, ഇടമുളയ്ക്കല്‍, അഞ്ചല്‍, ചിതറ, അലയമണ്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ 19 മുതല്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുളളത്.
ശുചിമുറി നിര്‍മാണം ത്വരിതപ്പെടുത്തി ഒക്‌ടോബര്‍ 15 നകം ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് മന്ത്രി.ജെ.മേഴ്‌സിക്കുട്ടിയമ്മ 26 ന് 2 മണിക്ക് മൂന്നാംഘട്ട അവലോകന യോഗം ചേരുന്നുണ്ട്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനം വെളിയിടങ്ങളില്‍ വിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ശുചിമുറി നിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."