വയോധികയെ മരുമകളും മകനും വീട്ടില്‍ക്കയറ്റുന്നില്ലെന്ന് പരാതി
കൊട്ടാരക്കര: 70 വയസുകാരിയായ വയോധികയെ മരുമകളും മകനും സ്വന്തം വീട്ടില്‍ കയറുന്നത് തടയുന്നതായി പരാതി. പൊലിസ് ഇടപെട്ടിട്ടും തനിക്ക് വീട്ടില്‍ പ്രവേശം അനുവദിക്കുന്നില്ലെന്ന് കുളക്കട പൂവറ്റൂര്‍ കിഴക്ക് തെക്കേപുത്തന്‍ വീട്ടില്‍ ശാരദാമ്മ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിധവയായ ശാരദാമ്മയുടെ പേരിലുള്ള പതിനെട്ട് സെന്റ് പുരയിടവും വീടും മകനായ ശിവകുമാറും മരുമകളായ മണിയമ്മയും കൈയടക്കി വച്ചിരിക്കുകയാണ്. രോഗിയായ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കലില്‍ താമസിക്കുന്ന മകളും മരുമകനുമാണ് ചികിത്സാ ചെലവുകള്‍ വഹിച്ചതും പരിചരിച്ചതുമെല്ലാം. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയപ്പോള്‍ മരുമകളും മകനും പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പുത്തൂര്‍ പൊലിസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും എസ്.ഐ വിളിപ്പിക്കുകയും കഴിഞ്ഞ പതിനഞ്ചിന് മുന്‍പായി മകനും മരുമകളും വീടൊഴിഞ്ഞ് വൃദ്ധയ്ക്ക് നല്‍കണമെന്ന് എസ്.ഐ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍പ്രകാരം കഴിഞ്ഞ ദിവസം സാധനങ്ങളുമായി വീട്ടിലെത്തിയ വൃദ്ധയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കൊട്ടാരക്കര വനിത സി.ഐയ്ക്ക് പരാതി നല്‍കി. സി.ഐ ഇവരെയും കൂട്ടി വീട്ടിലെത്തുകയും വീട്ടില്‍ പ്രവേശിപ്പിക്കുകയും ഉണ്ടായി. എന്നാല്‍ സി.ഐ മടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ വൃദ്ധയെ പുറത്താക്കി കതകടയ്ക്കുകയായിരുന്നു. ഈ വിവരം പുത്തൂര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലിസ് തിരിഞ്ഞ് നോക്കിയില്ലെന്നും വൃദ്ധ പറഞ്ഞു.
രാത്രിയില്‍ വീടിന്റെ പുറത്ത് കഴിഞ്ഞ ഇവരെ മകള്‍ പിന്നീട് കൂട്ടികൊണ്ട് പോവുകയായിരുന്നു. തന്റെ ഈ ദു:സ്ഥിതി പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ പോലും തയാറാകുന്നില്ലെന്നും വൃദ്ധ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."