സമ്പൂര്‍ണ ശുചിത്വം ജനകീയ ആരോഗ്യ നയമാക്കണം: മന്ത്രി ഇ.പി ജയരാജന്‍
കൊച്ചി: പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ശൗചാലയങ്ങള്‍ നടപ്പില്‍ വരുത്തി സമ്പൂര്‍ണ ശുചിത്വം ജനകീയ ആരോഗ്യനയമായി മാറ്റണമെന്നു വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. തുറന്നസ്ഥലത്തെ വിസര്‍ജനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒ.ഡി.എഫ് പദ്ധതിയുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകളില്‍ മാത്രമല്ല, ജനങ്ങള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും അവര്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരുടെ ചുമതലയാണ്. ഈ സൗകര്യങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതും മറ്റൊരു കടമയാണ്.
നമ്മുടെ ബസ് സ്റ്റാന്‍ഡുകളിലെ ശൗചായലങ്ങളുടെ സ്ഥിതി ഇപ്പോള്‍ വളരെ മോശമാണെന്നു പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരം ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
മുനിസിപ്പല്‍, കോര്‍പറേഷന്‍ തലത്തില്‍ ഒ.ഡി.എഫ് നടപടികള്‍ ഗാന്ധിജയന്തിദിനം മുതല്‍ ഊര്‍ജിതമായി നടപ്പാക്കണം. ഇവിടങ്ങളില്‍ 3519 കക്കൂസുകള്‍ക്കാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ചില നിയോജക മണ്ഡലങ്ങള്‍ സമ്പൂര്‍ണശൗചാലയ ലക്ഷ്യം പൂര്‍ത്തിയായി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉള്‍പ്പെടുന്ന 82 ഗ്രാമപഞ്ചായത്തുകളില്‍ 55% നേട്ടം കൈവരിച്ചുകഴിഞ്ഞു. 7525 കക്കൂസുകളാണു വേണ്ടത്. അതില്‍ 4132 പൂര്‍ത്തിയായിക്കഴിഞ്ഞു. 28 ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ പ്രയാസം നേരിടുന്ന കുട്ടമ്പുഴ, ചെല്ലാനം എന്നിവിടങ്ങള്‍ ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 30നകം പദ്ധതി പൂര്‍ത്തിയാക്കണം. ചെല്ലാനത്തെ പ്രയാസങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
ചെല്ലാനത്ത് ഒരു കക്കൂസിന് ഫിഷറീസ് വകുപ്പില്‍ നിന്നുള്ള സഹായം ഉള്‍പ്പെടെ 33000 രൂപ ലഭിക്കും. കുട്ടമ്പുഴ പോലെയുള്ള ആദിവാസി മലയോര മേഖലകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആകെ 27000 രൂപ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധി നേരിടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കായി അമ്പതു ലക്ഷം രൂപയുടെ അധിക സഹായം നല്‍കാന്‍ തയാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ യോഗത്തില്‍ അറിയിച്ചു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ചേരിനിവാസികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ നിര്‍ദേശിച്ചു. ചേരികളില്‍ ഇനി പുതുതായി കക്കൂസുകള്‍ നിര്‍മിക്കാന്‍ ഇടമില്ല. വാതുരുത്തിയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായും സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ പദ്ധതി പുരോഗതി വിശദീകരിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍സാദത്ത്, എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍, വി.പി സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, ജില്ലാ ആസൂത്രണ സമിതി ഓഫിസര്‍ സാലി ജോസഫ്, പഞ്ചായത്ത് അസി.ഡയറക്ടര്‍ ടിമ്പിള്‍ മാഗി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."