അര്‍ഥശാസ്ത്രത്തിന്റെ കാലിക പ്രാധാന്യം തിരിച്ചറിയണം: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍
കൊച്ചി: നമ്മുടെ ഭരണഘടന സ്വയംഭൂവല്ല, അത് ഭാരതീയതയുടെ ക്രോഡീകരണമാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഓഫ് ഇന്ത്യന്‍ ജൂറിസ്പ്രുഡന്‍സിന്റെയും സംസ്‌കൃതം ന്യായവിഭാഗത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാര്‍ശനിര്‍ദേശക തത്വങ്ങളും അടിസ്ഥാന കടമകളും പൗരന്റെ മൗലികാവകാശങ്ങളില്‍ അന്തര്‍ലീനമാകുമ്പോഴാണ് സത്ഭരണമുണ്ടാകുന്നത്.
നമ്മുടെ മണ്ണില്‍ ലഭ്യമായ എല്ലാ വിഭവങ്ങളും രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കണം.
ക്ഷേമരാഷ്ട്രമാണ് കൗടില്യന്റെ അര്‍ത്ഥശാസ്ത്രം മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അര്‍ഥശാസ്ത്രത്തിലെ നിയമവ്യവഹാരങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ കാപ്പ ചെയര്‍മാനും അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഓഫ് ഇന്ത്യന്‍ ജൂറിസ്പ്രുഡന്‍സ് പഠനകേന്ദ്രം ഉപദേശകസമിതി അധ്യക്ഷനുമായ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലെ പൗരാണിക ഗ്രന്ഥങ്ങളില്‍ പ്രമുഖമായ കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലെ സദ്ഭരണത്തിനായുള്ള നിയമസംഹിതകള്‍ക്ക് സമകാലിക പ്രസക്തിയുണ്ട്. അറിവിന്റെ ചലനാത്മകമായ ഗതിവിഗതികളെ തിരിച്ചറിയുന്നതില്‍ അര്‍ഥശാസ്ത്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അര്‍ഥശാസ്ത്രം നല്‍കുന്ന അറിവുകള്‍ സാധാരണക്കാരിലെത്തിക്കണമെന്നും ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. എം.സി.ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. ജി.ഗംഗാധരന്‍ നായര്‍, എം.കെ. നാരായണന്‍ പോറ്റി, ഡോ. ടി. വാസുദേവന്‍, ആര്‍.ഷീലാമ്മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ സ്വാഗതവും, ഡോ. കെ.കെ അംബികാദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."