പുല്‍മേടുകള്‍ കൈയേറി റിസോര്‍ട്ടുകള്‍പണിയുന്നു: വന്യമൃഗങ്ങള്‍ നാട്ടിലേക്ക്
പാലക്കാട്: പഴനിഹില്‍സിലെ കൊടൈക്കനാല്‍ വനമേഖലയും, അതിനോട് ചേര്‍ന്നുള്ള പുല്‍മേടുകളും റിസോര്‍ട്ട് മാഫിയ കൈയേറുന്നു. കൈയേറി വലിയ റിസോര്‍ട്ടുകള്‍ നിര്‍മിച്ച് ടൂറിസം ശക്തിപെടുത്തിയതോടെ കാട്ടെരുമകളുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി. ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലില്‍ പട്ടാപ്പകലും കാട്ടെരുമകളും ആനകളും എത്തുന്നത് മുതലെടുക്കാന്‍ റിസോര്‍ട്ട് മാഫിയകളും രംഗത്തുണ്ട്.
കഴിഞ്ഞ ഒരുമാസത്തിലധികമായി കാട്ടെരുമകൂട്ടം ടൗണിലൂടെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ടൂറിസ്റ്റ് ബംഗ്ലാവിലെ പുല്‍ത്തകിടിയില്‍ വൈകീട്ട് മൂന്നോടെ എത്തുന്ന സംഘം രാത്രിയോടെ മടങ്ങിപ്പോവും. തടാകത്തിലിറങ്ങി വെള്ളം കുടിക്കും. എന്നാല്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് കൊടൈക്കനാല്‍ ഡി.എഫ്.ഒ മുരുകന്‍ സുപ്രഭാതത്തോട് പറഞ്ഞു
പുല്‍മേടുകള്‍ക്ക് സമീപത്തു പണിതിട്ടുള്ള റിസോര്‍ട്ടുകളില്‍ രാത്രിസമയത്തും ക്യാംപ് ഫയര്‍, മദ്യപാനം, ശബ്ദകോലാഹലം എന്നിവയുണ്ടാക്കുന്നതിനാല്‍ ഇരതേടിയെത്തുന്ന കടുവ, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയതായി വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. രാത്രിസമയത്തു നാടിറങ്ങുന്ന മാന്‍, കാട്ടെരുമ എന്നിവയെ വേട്ടയാടി പിടിക്കാന്‍ എത്തുന്ന വേട്ടസംഘങ്ങളുടെ ശല്യവും ഉണ്ടിവിടെ. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാനടന്മാര്‍ക്കെല്ലാം കൊടൈക്കനാലിലും, പരിസരത്തും റിസോര്‍ട്ടുകളും കൂറ്റന്‍ ബംഗ്ലാവുകളും കൊടൈക്കനാലിലുണ്ട്. ചില മന്ത്രിമാരെ സ്വാധീനിച്ചാണ് ഇവിടെ കെട്ടിടങ്ങളും മറ്റും പണിയാന്‍ അനുമതി നേടിയെടുക്കന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."