ജീവനക്കാരുടെ ശീതസമരം: അട്ടപ്പാടിയില്‍ ആരോഗ്യമേഖല കുത്തഴിയുന്നു
പാലക്കാട്: അട്ടപ്പാടിയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള ശീത സമരം ദുരിതം തീര്‍ക്കുന്നത് ആദിവാസികള്‍ക്ക്. എന്‍.ആര്‍.എച്ച്.എം പദ്ധതിക്കുകീഴില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, പി.എസ്.സി വഴി നിയമനം ലഭിച്ച ഡോക്ടര്‍മാര്‍, ഇതര ജീവനക്കാര്‍ എന്നിവര്‍ തമ്മിലുള്ള ശീതസമരമാണ് അട്ടപ്പാടിയിലെ ആരോഗ്യമേഖലയെ തകര്‍ക്കുന്നത്.
ആരാണ് ഉയര്‍ന്നതെന്ന തര്‍ക്കമാണ് ഇവര്‍ക്കിടയില്‍. എന്‍.ആര്‍.എച്ച്.എം - ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ തമ്മിലാണ് പ്രധാന ശീതസമരം. ആരോഗ്യകേന്ദ്രങ്ങളിലെ ശീതസമരം മൂലം ഈ വര്‍ഷം പത്തോളം പ്രസവ കേസുകളാണ് വീടുകളില്‍ വച്ച് നടന്നതെന്ന് അട്ടപ്പാടിയിലെ തദ്ദേശസ്ഥാപനങ്ങളിലെ രേഖകള്‍ വ്യക്തമാക്കുന്നു.
ആദിവാസി യുവതികള്‍ ഗര്‍ഭിണികളാകുന്നതുമുതല്‍ പ്രസവം വരെ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണങ്ങളും സേവനങ്ങളും ഉണ്ടാകണമെന്ന് ഔദ്യോഗിക ഉത്തരവുകള്‍ പറയുന്നതെങ്കിലും ഇവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ആരോഗ്യകേന്ദ്രങ്ങളിലെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ആദിവാസികളെ പ്രസവംപോലും വീടുകളിലൊതുക്കുവാന്‍ പ്രേരപ്പിക്കുന്നത്.
ഒപ്പിട്ട് മുങ്ങുന്ന ജീവനക്കാരെ നിരീക്ഷിക്കുന്നതിന് സംവിധാനമില്ലാത്തതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഹോസ്പിറ്റല്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് പ്രധാന ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിനാല്‍ ഇവര്‍ക്ക് രോഗവുമായെത്തുന്ന ആദിവാസികളുടെ ചികിത്സക്കാവശ്യമായ സമയം കിട്ടുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇവരെ ഇത്തരം ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തി അവരുടെ സേവനം രോഗികളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിനുവര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും പരിഗണിക്കപ്പെടാതെ പോകുകയാണ്.
ഇതിനുപുറമെയാണ് അട്ടപ്പാടിയിലെ ആതുരാലയങ്ങളിലെ ഇല്ലായ്മകള്‍. ഇവിടെ മിക്ക ആശുപത്രികളിലും ശുദ്ധമായ കുടിവെള്ള സംവിധാനമില്ല. കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മിനി മെഡിക്കല്‍ കോളജായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം മാറിമാറി വരുന്ന വകുപ്പ് മന്ത്രിമാര്‍ ഉറപ്പുകൊടുക്കാറുണ്ടെന്നതല്ലാതെ നടപടി ഇന്നും അന്യമാണ്.
ഇവിടങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള റഫറല്‍ കേസുകള്‍ കുറയ്ക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. ദിനംപ്രതി പത്തിലേറെ റഫറല്‍ കേസുകളാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ നിന്നുണ്ടാകുന്നത്.
സ്‌കാനിങ് ചെയ്യുന്നതിന് രോഗികളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. ഇതിനുപകരമായി കോട്ടത്തറയില്‍ സ്‌കാനിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു ആവശ്യം. ഗര്‍ഭിണികളെ റഫര്‍ ചെയ്യുമ്പോള്‍ സ്റ്റാഫ് നേഴ്‌സ് കൂടെ പോകാനുള്ള സാഹചര്യവും വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സും അട്ടപ്പാടിയില്‍ അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."