ബാര്‍ കോഴ: കെ.ബാബുവിനെതിരേ മൊഴിയെടുക്കല്‍ ഇന്നു തുടങ്ങും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിന് പിന്നാലെ ബാര്‍ കോഴ കേസിലും മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സ് കുരുക്ക് മുറുക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കെ.ബാബു അഴിമതി നടത്തിയെന്ന കേസില്‍ ഇന്ന് മൊഴിയെടുക്കല്‍ ആരംഭിക്കും.
കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും മൊഴികളാണ് ആദ്യം രേഖപ്പെടുത്തുക. മൊഴി നല്‍കുന്നതിന് ഹാജരാകാനാവശ്യപ്പെട്ട് വിജിലന്‍സിന്റെ അറിയിപ്പ് ലഭിച്ചതായി കേസിലെ പരാതിക്കാരനായ വി. എം രാധാകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാര്‍ കോഴ കേസില്‍ കഴിഞ്ഞ ജൂലൈ 20നാണ് ബാബുവിനെതിരേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ത്വരിത പരിശോധനയില്‍ ബാബുവിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കെ. ബാബുവിനെതിരേ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രാഥമിക അന്വേഷണത്തിലും ത്വരിത പരിശോധനയിലും തെളിവില്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിയത്.
പുതിയ സര്‍ക്കാര്‍ വന്ന ശേഷം കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവായ രാധാകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വീണ്ടും ഇതേക്കുറിച്ച് ത്വരിത പരിശോധനക്ക് ഉത്തരവിടുകയായിരുന്നു.
ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീക്ക് സെക്രട്ടേറിയറ്റിലെ രേഖകള്‍ പരിശോധിക്കുകയും കെ. ബാബുവിന്റെയും എക്‌സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കുകയും ചെയ്ത ശേഷമാണ് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ബാര്‍ലൈസന്‍സിനും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കുമുള്ള അപേക്ഷകള്‍ മന്ത്രി ദുരുദ്ദേശ്യത്തോടെ വച്ചു താമസിപ്പിച്ചുവെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറക്കാനായി ബിവറേജസ് കോര്‍പറേഷന്‍ തയാറാക്കിയ ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്തിയെന്നുമാണ് ബാബുവിനെതിരായ പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."