ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു
നെടുമ്പാശ്ശേരി: കുടുംബ വഴക്കിനെതുടര്‍ന്ന് ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി കീഴ്തടത്ത് വീട്ടില്‍ ശ്രീനിവാസിന്റെ ഭാര്യ സുഭദ്രയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ശ്രീനിവാസിനെ (വാസു) ചെങ്ങമനാട് പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച രാത്രി 9.30 ഓടെ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ ഭര്‍ത്താവ് പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കറിയ്ക്ക് അരിയാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് വയറിലാണ് കുത്തേറ്റത്.
സുഭദ്രയുടെ കരച്ചില് കേട്ട് വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂത്തമകന് ശ്രീശനും കുടുംബവും ഓടിയെത്തിയപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടനെതന്നെ ശ്രീശന്റെ കാറില്‍ ആലുവ ദേശത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ ചെങ്ങമനാട് എസ്.ഐ കെ.ജി ഗോപകുമാറിന് മുന്നില്‍ ശ്രീനിവാസ് കീഴടങ്ങുകയായിരുന്നു. കൊലക്കുപയോഗിച്ച കത്തി വീട്ടില്‍ നിന്ന് പൊലിസ് കണ്ടെടുത്തു. കെ.എസ്.ആര്.ടി.സിയില്‍ റിട്ട. ഡ്രൈവറാണ് ശ്രീനിവാസ്. നാല് വര്‍ഷം മുന്‍പ് മൂന്ന് മാസത്തോളം ഇയാള്‍ തൊടുപുഴ പൈങ്കുളം മനോരോഗാശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മനോരോഗത്തെ തുടര്‍ന്ന് കുടുംബ വഴക്ക് രൂക്ഷമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സുഭദ്രയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും നിരവധി തവണ ചെങ്ങമനാട് പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കുടുംബ വഴക്കിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും, വയറിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നും പൊലിസ് പറഞ്ഞു. പൊയ്ക്കാട്ടുശ്ശേരി പുറക്കേടത്ത് കുടുംബാംഗമാണ് മരിച്ച സുഭദ്ര. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: പരേതയായ ജയ, ശ്രീജ, ശ്രീശന്, ശ്രീനിവാസന് (അബുദാബി). മരുമക്കള്‍: ശശി, വാസുദേവന്‍, സെന്‍സി, സൗമ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."