കന്നുകാലി ഫാമിലെ മാള്‍ട്ടാ പനി: ഉരുക്കളെ ദയാവധം നടത്തി ഫാമില്‍ തന്നെ മറവു ചെയ്യാന്‍ തീരുമാനം
മണ്ണാര്‍ക്കാട്: മാള്‍ട്ട പനി ബാധിച്ച 90 കന്നുകാലികളെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തന്നെ ദയാവധം നടത്തി അടക്കം ചെയ്യാന്‍ തീരുമാനമായി. എം.എല്‍.എ അഡ്വ. എന്‍.ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ വെറ്ററിനറി സര്‍വ്വകലാശാല അധികൃതര്‍ തിരുവിഴാംകുന്നില്‍ വിളിച്ചു ചേര്‍ത്ത പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രധിനിധികളുടെയും തൊഴിലാളികളുടെയും ജനപ്രധിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. ദ
യാവധത്തിനുള്ള മരുന്ന് എത്തി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ദയാവധം നടത്തി ഫാം കാംപസില്‍ മറവ് ചെയ്യും. മണ്ണുത്തിയിലെ കേന്ദ്രത്തില്‍ ദഹിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാലാണ് തിരുവിഴാംകുന്ന് ഫാം കാംപസില്‍ തന്നെ സംസ്‌ക്കരിക്കുന്നതെന്ന് സര്‍വ്വകലാശാല റജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു അറിയിച്ചു.
കാലികളെ മണ്ണുത്തിയിലേക്ക് കൊണ്ടുപോകുന്നത് നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. മറവ് ചെയ്യുന്ന ഉരുക്കള്‍ക്ക് പകരം ഉല്‍പ്പാദന ശേഷിയുള്ള അത്രയും കാലികളെ തിരുവിഴാംകുന്നില്‍ എത്തിക്കുമെന്നും ഇതുമൂലം ആരുടെയും തൊഴില്‍ നഷ്ടപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ നഷ്ടമാവാതെ ഫാമില്‍ തന്നെ ഫാം ടൂറിസം, ജൈവ കൃഷി തുടങ്ങിയ മേഖലകളില്‍ വിന്യസിക്കുമെന്നും തൊഴിലാളികള്‍ക്ക് അദ്ദേഹം ഔദ്യോഗികമായി ഉറപ്പു നല്‍കി. പ്രദേശത്ത് ദഹിപ്പിക്കല്‍ പ്രായോഗികമല്ലാത്തതിനാലാണ് ഉരുക്കളെ കുഴിച്ചു മൂടുന്നത്. പശുക്കുട്ടി കളുള്‍പ്പടെ രോഗബാധിതരായ കാലികളെ പ്രത്യേക ഐസൊലേറ്റഡ് ഷെഡിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."