മഴക്കുറവ്: പുല്‍പ്പള്ളി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്
പുല്‍പ്പള്ളി: കാലവര്‍ഷം ചതിക്കുകയും തുലാമഴ മാറിനില്‍ക്കുയും കൂടി ചെയ്തതോടെ വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍-പ്രത്യേകിച്ച് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കൃഷികള്‍ ഒന്നാകെ നശിക്കുന്നതിലെന്നതിലുപരിയായി കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുവാന്‍ തുടങ്ങിയെന്നതാണ് ഈ മേഖല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. മുമ്പൊക്കെ വരള്‍ച്ചയുണ്ടാകുമ്പോള്‍ ജനുവരി കഴിയുമ്പോഴേക്കായിരുന്നു കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. എന്നാല്‍ ഇത്തവണ ഒക്‌ടോബര്‍ പകുതി കഴിയുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന സ്ഥിതിയാണ്. പുല്‍പ്പളളി മേഖലയില്‍ ചേകാടി മുതല്‍ ചീയമ്പം എഴുപത്തിമൂന്നുവരെയുള്ള കര്‍ണ്ണാടകയോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇതുവരെ ഒരൊറ്റ മഴപോലും ശരിയാംവിധം പെയ്തിട്ടില്ല. സീതാമൗണ്ട്, കൊളവള്ളി, വണ്ടിക്കടവ്, കന്നാരംപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷികളൊക്കെ നശിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. പേര്യ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളില്‍ താരതമ്യേന ഉയര്‍ന്ന മഴ ലഭിക്കുന്നതിനാല്‍ കബനിനദിയില്‍ ജലനിരപ്പ് പൂര്‍ണമായി താഴ്ന്നിട്ടില്ല. എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കബനിയിലും ജലനിരപ്പ് വളരെ കുറവാണ്. പുല്‍പ്പള്ളി മേഖലയുടെ മറ്റൊരു ഭാഗത്തുകൂടി ഒഴുകുന്ന കന്നാരം പുഴ വറ്റിവരണ്ടാണ് കിടക്കുന്നത്.
മഴ കൃത്യമായി ലഭിക്കാത്തതുമൂലം പുല്‍പ്പള്ളി മേഖലയിലെ പ്രധാന പാടശേഖരങ്ങളിലൊക്കെ കര്‍ഷകര്‍ തരിശാക്കിയിട്ടിരിക്കുകയാണ്. പലസ്ഥലങ്ങളിലും വനത്തോട് ചേര്‍ന്ന് കിടക്കുന്ന വയലുകളില്‍ വന്യമൃഗശല്യവും രൂക്ഷമായത് കര്‍ഷകരെ കൃഷി ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. പെരിക്കല്ലൂര്‍, ചേകാടി, പാക്കം, മരക്കടവ്, കൊളവള്ളി, വണ്ടിക്കടവ് തുടങ്ങിയ മേഖലയിലെ പ്രധാന പാടശേഖരങ്ങളിലൊക്കെ വളരെക്കുറച്ച് മാത്രം കൃഷിയെ ചെയ്തിട്ടുള്ളു. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ ഞാറിന് വിത്തിട്ടവര്‍ അവ പറിച്ച് നാട്ടുവാന്‍ വയലില്‍ വെള്ളം ലഭിക്കാത്തതുമൂലം ഞാറുതന്നെ ഉപേക്ഷിച്ചു. കിട്ടിയ വെള്ളം ഉപയോഗിച്ച് കൃഷിയിറക്കിയവരാകട്ടെ, പിന്നീട് വെള്ളം കിട്ടാതായതോടെ കൃഷി ഉപേക്ഷിച്ചു. ലഭിക്കുന്ന മഴവെള്ളം സംഭരിക്കുവാനുള്ള യാതൊരു നടപടിയും ഈ മേഖലയിലില്ലെന്നതാണ് വെള്ളക്ഷാമം ഇത്രയേറെ വര്‍ധിക്കുവാന്‍ പ്രധാന കാരണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഇത്തരം വരള്‍ച്ചകള്‍ ആദ്യമായൊന്നുമല്ല ഉണ്ടാകുന്നത്. പുല്‍പ്പളളി മേഖല അനുഭവിക്കാന്‍പോകുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് ഈ മേഖലയിലെ ജനപ്രതിനിധികളൊ, ഭരണസംവിധാനങ്ങളൊ ഗൗരവത്തിലെടുത്തിട്ടില്ല.കഴിഞ്ഞ ദിവസം പുല്‍പ്പളളി പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നേതാക്കളുടെ പ്രസംഗപരിശീലന കളരിയായി മാറിയെന്നല്ലാതെ പ്രശ്‌നപരിഹാരത്തിനുളള നടപടികളൊന്നുംതന്നെ ഉരുത്തിരിഞ്ഞു വന്നില്ല. പണ്ടെങ്ങൊ പറഞ്ഞുകേട്ട തിരുമുഖം പദ്ധതിയെപ്പറ്റിയാണ് ഇപ്പോഴും ഇവിടുത്തെ നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. കുറുവദ്വീപിനടുത്ത തിരുമുഖത്ത് കബനിനദിയില്‍നിന്നും വെളളം പമ്പ്‌ചെയ്ത് അവിടെനിന്നും 20-കി.മീറ്ററകലെ കല്ലുവയല്‍ക്കുന്നിലെത്തിച്ച് അവിടെനിന്നും താഴേക്ക് കൃഷിയിടങ്ങളിലൂടെ ഒഴുക്കിവിട്ട് ഈ മേഖലയെ ജലസമൃദ്ധമാക്കാമെന്ന നടപ്പാക്കാന്‍ കഴിയാത്ത പദ്ധതിയാണ് ഈ തിരുമുഖം പദ്ധതി. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഈ മേഖലക്ക് ചുറ്റുമുള്ള വനത്തിലെ ചതുപ്പുകളില്‍ മണ്‍തടയണകള്‍ നിര്‍മ്മിക്കുക, കടമാന്‍തോട്, കന്നാരംപുഴ എന്നിവയില്‍ വലിയ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുക എന്നിങ്ങനെ പ്രായോഗികമായി നടപ്പാക്കാവുന്ന നിരവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല. ഇവയെക്കെല്ലാം പുറമെ ഇവിടുത്തെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കുവാന്‍ മുമ്പ് വിഭാവനംചെയ്ത കടമാന്‍തോട് ജലപദ്ധതി നടപ്പാക്കുകതന്നെ വേണം. പണ്ട് രൂപകല്‍പനചെയ്ത വന്‍ അണക്കെട്ടിന് പകരം ഇടത്തരം അണക്കെട്ട് നിര്‍മ്മിക്കുവാന്‍ അധികൃതര്‍ തയാറായാല്‍ ജനങ്ങള്‍ അതിനെതിര് നില്‍ക്കുകയില്ല. ഇതോടൊപ്പം മേഖലയിലെ വയലുകളുടെയൊക്കെ ഏറ്റവും മുകളില്‍ വലിയ ചിറകള്‍ നിര്‍മ്മിക്കുന്നതും ജലസംഭരണത്തിന് സഹായകരമാകും. ഇതിനായി ജനങ്ങള്‍ സ്ഥലം സൗജന്യമായി നല്‍കുവാന്‍ തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പണംകൊടുത്ത് സ്ഥലം വാങ്ങി തലക്കുളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."