നഗരസഭാ ഓഫിസ് മുറ്റത്ത് അനധികൃത നിര്‍മാണമെന്ന് ആക്ഷേപം
ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കു വരാന്‍ സാധ്യത
തലശ്ശേരി: നഗരസഭ ഓഫിസ് വളപ്പില്‍ താല്‍ക്കാലികമായി നിര്‍മിക്കുന്ന കെട്ടിടത്തിനു ഭരണാനുമതിയോ ടെണ്ടറോ നല്‍കിയില്ലെന്നു സൂചന. ടെണ്ടര്‍ നല്‍കാതെ നിര്‍മാണം നടത്തുന്നതിന്റെ പിറകില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. ടെണ്ടറോ സാങ്കേതിക അനുമതിയോ ലഭിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നതാണു പ്രധാന ആരോപണം.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ പരിധിയില്‍പ്പെടുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ പുരാവസ്തു വകുപ്പിന്റെ എന്‍.ഒ.സി ലഭിച്ചിരിക്കണം. ഇതു പോലെ തീരദേശ വകുപ്പിന്റെയും അനുമതിയും ലഭിച്ചെങ്കില്‍ മാത്രമേ നഗരസഭ കാര്യാലയത്തിനകത്തുള്ള സ്ഥലത്തു പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്ന നിയമം ലംഘിച്ചാണു തലശ്ശേരി നഗരസഭ കോംപൗണ്ടിനകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പുറത്തു നിന്നു നിരവധി ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്നവര്‍ക്കു വിശ്രമിക്കാനുള്ള സ്ഥലമായാണ് പ്രസ്തുത നിര്‍മാണം നടക്കുന്നതെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞെങ്കിലും നഗരസഭയുടെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ സംഘാടനത്തിനായുള്ള ഓഫിസെന്നാണ് പുതിയ വിശദീകരണം.
നിര്‍മാണത്തിന് അഞ്ചു ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അറിയുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി ഇല്ലെന്ന വ്യാപകമായ വിമര്‍ശനം നിലനില്‍ക്കവെയാണ് നഗരസഭ കോംപൗണ്ടിനകത്ത് അനുമതിയില്ലാതെ നിര്‍മാണം നടക്കുകയാണെന്ന പരാതി ഉയര്‍ന്നത്.
ഇന്നു നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."