കണക്ഷന്‍ നല്‍കിയില്ല; നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ജനറേറ്റര്‍ നോക്കുക്കുത്തി
നിലമ്പൂര്‍: കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമെന്നോണം എത്തിയ ജില്ലാ പഞ്ചായത്തിന്റെ ജനറേറ്റര്‍ നോക്കുകുത്തിയാവുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27നാണു ജില്ലാ പഞ്ചായത്തിന്റെ 160 കെ.വി.എയുടെ ജനറേറ്റര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചത്. ഓപ്പറേഷന്‍ തിയറ്റര്‍ കെട്ടിടത്തിനു മുന്നിലായി സ്ഥാപിച്ചെങ്കിലും ഒരു മാസം പിന്നിട്ടിട്ടും കണക്ഷന്‍ നല്‍കിയിട്ടില്ല. ഇതുമൂലം ഫലത്തില്‍ ജനറേറ്ററിന്റെ പ്രയോജനം ജില്ലാ ആശുപത്രിക്കു ലഭിക്കുന്നില്ല.
സ്ഥാപിച്ചതുമുതല്‍ 15 ദിവസം കൊണ്ടു ജനറേറ്ററിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുമെന്നു ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള എച്ച്.എം.സി ബോര്‍ഡ് അറിയിച്ചിരുന്നുവെങ്കിലും പാഴ് വാക്കായി മാറി. വൈദ്യുതി ഇടക്കിടെ തടസപ്പെട്ടതിനെത്തുടര്‍ന്നു ഡയാലിസിസ്, ശസ്ത്രക്രിയകള്‍ എന്നി മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണു പി.വി അന്‍വര്‍ എം.എല്‍.എ 120 കെ.വി.എയുടെ ജനറേറ്റര്‍ പ്രതിദിനം 3000 രൂപ വാടക നല്‍കി ആശുപത്രിക്ക് നല്‍കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് നേരത്തെതന്നെ കെല്ലിന് ടെന്‍ഡര്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇതു റദ്ദ് ചെയ്യുകയും ഓണ്‍ലൈന്‍ ടെണ്ടര്‍ നല്‍കണമെന്ന എച്ച്.എം.സി തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതോടെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനു വീണ്ടും തടസമുണ്ടായി. സംഭവം വിവാദമായതോടെ വീണ്ടും എച്ച്.എം.സി ചേര്‍ന്നാണു കെല്ലിനു തന്നെ ടെന്‍ഡര്‍ നല്‍കിയത്. ഒടുവില്‍ മൂന്നുമാസം കഴിഞ്ഞാണു ജില്ലാ പഞ്ചായത്ത് ആശുപത്രിക്ക് കെല്ലിന്റെ ഗുണമേന്മയുള്ള നല്‍കിയത്. പഴയ 40 കെ.വി.എ ജനറേറ്ററാണു നിലവില്‍ ഇവിടെയുണ്ടായിരുന്നത്. പഴയ ജനറേറ്റര്‍ മാറ്റി പുതിയ ജനറേറ്റര്‍ വെക്കുന്നതിനു 31.30 ലക്ഷം രൂപക്കാണു കെല്ലിന് ടെണ്ടര്‍ നല്‍കിയിരുന്നത്. ഇതില്‍ തന്നെ 75000രൂപ കുറച്ചാണു കെല്‍ ജനറേറ്റര്‍ നല്‍കിയത്. നേരത്തെയുള്ള ജനറേറ്റര്‍ ഒഴിവാക്കിയെങ്കിലും പുതിയതിനു കണക്ഷന്‍ നല്‍കിയതുമില്ല. വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നു ഡയാലിസിന്റെ രണ്ടു യൂനിറ്റും നാലു ശസ്ത്രക്രിയയും മുടങ്ങി.
കൂടാതെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സമയവും ജില്ലാ ആശുപത്രി ഇരുട്ടിലായിരുന്നു. പഴയ കണക്ഷനിലേക്കു ലൈന്‍ കൊടുക്കാന്‍ വൈകുന്നതാണു സ്ഥാപിക്കുന്നതു വൈകാന്‍ കാരണമായിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം ജനറേറ്റര്‍ എന്നുമുതല്‍ പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ വൈദ്യുതി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഡയാലിസിസും ശസ്ത്രക്രിയകളും വീണ്ടും തടസ്സപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."