യു.എന്‍ പൊതുസഭയില്‍ സുഷമാ സ്വരാജിന്റെ പ്രസംഗം ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ന് യു.എന്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെ സുഷമ ശക്തമായി വിമര്‍ശിക്കുമെന്നാണ് കരുതുന്നത്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കശ്മിരിനെ കുറിച്ച് പ്രതിപാദിച്ചിരുന്നു. കശ്മിര് പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായുള്ള സമാധാനം പുനഃസ്ഥാപിക്കുക ദുഷ്കരമാണെന്നാണ് ശരീഫ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് ഇന്ത്യയുടെ യു.എന്‍ പ്രതിനിധി ഈനം ഗംഭീര്‍ അന്നുതന്നെ തക്കതായ മറുപടി നല്‍കിയിരുന്നു.
മറ്റ് രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. പാകിസ്താന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് യു.എന്നില്‍ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാഷ്ട്രസമൂഹങ്ങളും സാര്‍ക്ക് രാജ്യങ്ങളും ഇന്ത്യന്‍ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കിയിരുന്നു.
യു.എന്‍ പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴുമണിയോടെയാവും സുഷമയുടെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."