അമൃത കല്‍പിത സര്‍വകലാശാലയിലെ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: അമൃത കല്‍പിത സര്‍വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ചു കല്‍പിത സര്‍വകലാശാലയ്ക്കു സ്വന്തംനിലയ്ക്ക് കൗണ്‍സലിങ് നടത്താന്‍ അധികാരമുണ്ടെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
കല്‍പിത സര്‍വകലാശാലകളുടെ നടപടി യു.ജി.സി ചട്ടത്തിന്റെയും സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെയും ലംഘനമാണെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വാദിച്ചിരുന്നു. നീറ്റ് പരീക്ഷ വിജ്ഞാപന പ്രകാരം കേന്ദ്രീകൃത കൗണ്‍സലിങ് വേണമെന്നാണു പറയുന്നത്. ഇതു കോടതി ശരിവച്ചതാണ്. അതിനാല്‍ കേന്ദ്രീകൃത കൗണ്‍സലിങിന് അനുമതി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രീകൃത കൗണ്‍സലിങ് നടന്നില്ലെങ്കില്‍ നീറ്റ് പരീക്ഷയുടെ ലക്ഷ്യം ഇല്ലാതാകുമെന്ന് മെഡിക്കല്‍ കൗണ്‍സിലിനുവേണ്ടി ഹാജരായ അഡ്വ. വികാസ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് അമൃത കല്‍പിത സര്‍വകലാശാലയുടെ വിഷയം ചൂണ്ടിക്കാട്ടി കേരളം രംഗത്തെത്തിയത്. എന്നാല്‍ കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ മതിയാകുമെന്ന് ജസ്റ്റിസുമാരായ എ.കെ സിക്ര, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ മെറിറ്റ് അട്ടിമറിച്ചുകൊണ്ടാണു കല്‍പിത സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.
കല്‍പിത സര്‍വകലാശാലകള്‍ക്കു പ്രത്യേക കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ കേരള, ബോംബെ ഹൈക്കോടതികളുടെ ഉത്തരവ് ചോദ്യംചെയ്തു കേന്ദ്രവും മഹാരാഷ്ട്രാ സര്‍ക്കാരും നല്‍കിയ ഹരജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ ഇന്നും വാദം തുടരും. അതേസമയം, മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സലിങ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പിന്തുണയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."