മരുന്നിന്റെ ഗുണനിലവാരം: കര്‍ശന സംവിധാനം ഒരുക്കും
തിരുവനന്തപുരം: മരുന്നിന്റെ ഗുണനിലവാര പരിശോധനയ്ക്ക് കര്‍ശന സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മരുന്നു മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ ആവശ്യമെങ്കില്‍ പൊലിസ് അന്വേഷണം നടത്തുമെന്നും വി.ഡി. സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ റീലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നുണ്ടെന്നും മരുന്ന് കഴിച്ച് മനുഷ്യര്‍ രോഗികളാവുന്ന അവസ്ഥ മാറ്റേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിലെ രണ്ട് ലാബുകളിലായി 42 പരിശോധകര്‍ മാത്രമാണുള്ളത്. ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു ലാബുകളിലായി 8000 സാമ്പിളുകള്‍ വര്‍ഷം തോറും പരിശോധിക്കാനുള്ള സംവിധാനമാണുള്ളത്. എന്നാല്‍, 80,000 ബ്രാന്‍ഡ് മരുന്നുകളുടെ നാലും അഞ്ചും ബാച്ച് മരുന്നുകള്‍ ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നും അതില്‍ 8000 മരുന്നുകള്‍ മാത്രം പരിശോധിക്കുന്ന സംവിധാനം പരിഷ്‌ക്കരിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മരുന്നു വിറ്റുകഴിയുമ്പോഴാണ് പലപ്പോഴും മരുന്നു നിരോധിച്ചുകൊണ്ടുള്ള പരിശോധനാ ഫലം വരുന്നത്.
മരുന്നു കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് കൊള്ളനടത്തുക മാത്രമല്ല, മനുഷ്യശരീരത്തിന് അപകടകരമായ മരുന്നുകള്‍ വിറ്റ് ജനങ്ങളെ രോഗികളാക്കുകയാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടി മരുന്നുവാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനും ഇത്തരം തട്ടിപ്പു കമ്പനികളില്‍ നിന്ന് മരുന്നുവാങ്ങുന്നുണ്ടെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."