കേരളത്തിലെ റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന് ഗഡ്കരി
കോട്ടയം: കേരളത്തിലെ റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടന്ന ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ 209-ാം കൗണ്‍സില്‍ മീറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. കൊച്ചിയില്‍നിന്ന് കുമരകത്തേക്ക് റോഡ് മാര്‍ഗം സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പല സ്ഥലങ്ങളിലും അപകടസാധ്യത വളരെയധികമാണ്.
രാജ്യത്ത് വര്‍ധിക്കുന്ന ജനസംഖ്യയുടെയും വാഹനപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ റോഡുകളുടെ വ്യാപ്തി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തം ആവശ്യമാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നതിനെ സംബന്ധിച്ചുള്ള നടപടികള്‍ ആരാഞ്ഞുവരികയാണ്. ഡല്‍ഹിയിലെ ഗാസിയാബാദില്‍ കുന്നുകൂടിയ മാലിന്യം ഉപയോഗിച്ചാണ് ഡല്‍ഹി-മീററ്റ് ഹൈവേ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഹൈവേ വികസനത്തിന്റെ വിശദമായ പദ്ധതിരേഖ 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന പൊതുമരാമത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അറിയിച്ചു. ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.എസ്.എസ് പോര്‍വാല്‍, ജനറല്‍ സെക്രട്ടറി എസ്.എസ് നാഹര്‍, ദേശീയപാത അതോറിറ്റി എം.ഡി ആനന്ദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."