കുഴഞ്ഞുവീണ കായിക താരത്തിന്റെ നില ഗുരുതരമായി തുടരുന്നു
അടിമാലി: വുഷു ചാംപ്യന്‍ഷിപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണ കായിക താരത്തിന്റെ നില ഗുരുതരമായി തുടരുന്നു. വുഷു താരം ഉടുമ്പന്‍ചോല പ്ലാച്ചേരിയില്‍ പി.ആര്‍. വിഷ്ണുവാണ് (19) ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാറത്തോട് ശ്രീനാരായണ കോളജില്‍ നടന്ന ജില്ലാതല വിഷു മത്സരങ്ങള്‍ക്കിടെയാണ് വിഷ്ണു കുഴഞ്ഞു വീണത്.
ഉടനെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് പാറത്തോട്, അടിമാലി, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലേയ്ക്ക് മാറ്റുകയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ തലയിലെ ഞരമ്പ് പൊട്ടിയതാണ് അപകടാവസ്ഥയ്ക്കു കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. പാറത്തോട് ശ്രീനാരായണ കോളജിലെ ബി.എസ്.സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ വിഷ്ണു സീനിയര്‍ വിഭാഗം വുഷു മത്സരത്തില്‍ ഫൈനല്‍ മത്സരം കഴിഞ്ഞശേഷം വൈകിട്ട് ആറരയോടെയാണ് കുഴഞ്ഞുവീണത്. മാതാപിതാക്കളായ റജി, ബിജിത എന്നിവര്‍ പുളിയന്മലയിലാണ് താമസം. മാതാപിതാക്കള്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായതിനാല്‍ റെജിയുടെ സഹോദരി സൗദാമിനിയാണ് വിഷ്ണുവിനെ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."