വാഹനങ്ങള്‍ നടുറോഡില്‍ കുടുങ്ങുന്നത് പതിവുകാഴ്ച
അരീക്കോട്: കിളിക്കല്ലിങ്ങല്‍ റോഡിലെ കയറ്റം പ്രതിസന്ധിയാകുന്നു. അരീക്കോട് മഞ്ചേരി റോഡില്‍ കിളിക്കല്ലിങ്ങലിലെ കുത്തനെയുള്ള കയറ്റമാണ് യാത്രാ ദുരിതം സൃഷ്ടിക്കുന്നത്. അരീക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റത്തില്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്.
ബസുകളും ചരക്ക് വാഹനങ്ങളുമാണ് ഏറെയും കയറ്റം കയറാനാവാതെ നടുറോഡില്‍ കുടുങ്ങേണ്ടി വരുന്നത്. ഇത് കാരണം ഗതാഗത തടസവും അനുഭവപ്പെടുന്നു. രാത്രി കാലങ്ങളില്‍ ഭീമന് ലോഡുകളുമായി വരുന്ന ചരക്ക് ലോറികള്‍ നടുറോഡില്‍ കുടുങ്ങിയാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനാകുന്നത്.
ഈ സമയം ചെങ്ങര ഇളയൂര് കാവനൂര്‍ ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലക്ഷ്യമാക്കി വരുന്ന ആംബുലന്‍സ് പോലും വഴിയില്‍ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണുള്ളത്. കയറ്റത്തില്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ മറി കടന്ന് അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കൊടും വളവില്‍ അപകടത്തില്‍ അകപ്പെടുന്നതും പതിവായിരിക്കുകയാണ്. റോഡിന്റെ താഴെ ഭാഗം മുതല്‍ ഉയര്‍ത്തി കെട്ടി കുത്തനെയുള്ള കയറ്റം ഇല്ലാതാക്കിയാല്‍ ഗതാഗത തടസത്തിനും തുടരെയുള്ള അപകടങ്ങള്‍ക്കും പരിഹാരം കാണാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."