പരിശീലനം നടത്താന്‍ പോലും ടീമില്ലാതെ ദുരിതത്തിലായി വോളി താരങ്ങള്‍
കല്‍പ്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ കല്‍പ്പറ്റയിലുള്ള ഹോസ്റ്റലില്‍ വോളിബാള്‍ താരങ്ങളായുള്ളത് അഞ്ചുപേര്‍ മാത്രം. ചുരുങ്ങിയത് 12 പേരെങ്കിലും വേണ്ട സ്ഥാനത്ത് അഞ്ചു പേരുമായി പരിശീലനം നടത്തവേ, ഇപ്പോള്‍ കോച്ചുമില്ലാത്ത അവസ്ഥയായി. നിലവിലെ കോച്ചിനെ താല്കാലികാടിസ്ഥാനത്തില് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതോടെ കുട്ടികള്‍ ഏതുവിധം പരിശീലനം നടത്തണമെന്നറിയാതെ ഉഴലുകയാണ്. വയനാട്ടിലുള്ള വോളിബാള്‍ താരങ്ങളെ വയനാട്ടില്‍ തന്നെ പ്രത്യേക സെലക്ഷന് നടത്തി തങ്ങളുടെ സ്പോര്‍ട്സ് ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
അഞ്ചു താരങ്ങള്‍ മാത്രമാണുള്ളതെന്നും കൂടുതല്‍ താരങ്ങളെ നല്‍കണമെന്നും കേരള സ്പോര്‍ട്സ് കൗണ്‍സിലിന് കത്തു നല്‍കിയെങ്കിലും അതിനോടും നിഷേധാത്മക സമീപനമായിരുന്നു. വയനാട്ടില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളില്‍ ഒരുപാടു കുട്ടികള്‍ പ്രവേശം നേടുന്നുണ്ടെങ്കിലും മിക്ക കുട്ടികളെയും മറ്റു ജില്ലകളിലെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുകയാണ്. കല്‍പ്പറ്റയിലെ ഹോസ്റ്റലില്‍ ഇപ്പോഴുള്ള കുട്ടികള്‍ വ്യത്യസ്ത പ്രായവിഭാഗങ്ങളിലായതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരുമിച്ച് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിലവില്‍ മൂന്നു കുട്ടികള്‍ പ്ലസ്ടു ക്ലാസുകളിലും മറ്റു രണ്ടു പേര് പത്ത്, ഒമ്പത് ക്ലാസിലുമാണ് പഠിക്കുന്നത്.
വയനാട്ടിലെ ഹോസ്റ്റലില്‍ പ്രവേശനം നിര്‍ദേശിക്കുന്ന കുട്ടികളെ മറ്റു ജില്ലകളിലെ സ്കൂളുകള്‍ റാഞ്ചുന്ന സംഭവവുമുണ്ട്. വയനാട്ടിലെ മോശം സാഹചര്യം വിശദീകരിച്ചാണ് ഈ കുട്ടികളെ സ്കൂളുകാര് സ്വന്തമാക്കുന്നത്. ഹോസ്റ്റലിന്റെ പരിതാപാവസ്ഥ കാരണം അഡ്മിഷനുശേഷം കുട്ടികള്‍ വിട്ടുപോവാറുമുണ്ട്. കോച്ച് താല്കാലികമായി സ്ഥലം മാറി പോയതാണെന്നും ഒന്നു, രണ്ടാഴ്ചക്കകം തിരിച്ചുവരുമെന്നുമാണ് കോച്ചിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."