വാഹനങ്ങളില്‍ ഇനി കുട്ടികളെ ഒറ്റയ്ക്കിരുത്തി പോയാല്‍ നടപടി
തിരുവനന്തപുരം: വാഹനങ്ങള്‍ പാര്‍ക്ക്ചെയ്തു പോകുമ്പോള്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോയാല്‍ രക്ഷിതാക്കള്‍ക്കെതിരേ നടപടി വരും. പൊതുസ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അതിനുള്ളിലിരുത്തി മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി എ.അനന്തകൃഷ്ണന് സര്‍ക്കുലറിറക്കിയത്. ലോക്ക് ചെയ്ത് പോകുന്ന വാഹനത്തില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോയാല്‍ മരണം വരെ സംഭവിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ എന്ജിന് ഓണാക്കി എ.സി പ്രവര്‍ത്തിപ്പിച്ച് കുട്ടികളെ തനിച്ചാക്കിയാല്‍ കുട്ടികള്‍ വാഹനത്തിന്റെ ഹാന്റ് ബ്രേക്ക് റിലീസ് ചെയുകയോ ഗിയറുകള്‍ മാറ്റുകയോ ചെയ്താല്‍ ഇത് അപകടത്തിനു കാരണമായേക്കും. വാഹനത്തിന്റെ എയര്‍ കണ്ടിഷന്‍ കൂളിങ്ങ് കോയിലില്‍ ചോര്‍ച്ച ഉണ്ടായാല്‍ വിഷവാതകം ശ്വസിച്ച് മരണംവരെ സംഭവിക്കാം. കുട്ടികളെ തനിച്ചിരുത്തി പോകുമ്പോള്‍ കുട്ടികള്‍ മുതിര്‍ന്നവരെ അന്വേഷിച്ച് റോഡില്‍കൂടി അശ്രദ്ധമായും അരക്ഷിതമായും അലയുവാനും അത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യാമെന്നും വാഹനങ്ങളുടെ എന്ജിന് ഓഫാക്കാതെ പോയാല്‍ വാഹനമോഷണം നടക്കാനും സാധ്യതയുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."