അശാസ്ത്രീയ റോഡ് നിര്‍മാണം കൊലക്കുറ്റത്തിന് തുല്യം
കേരളത്തിലെ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നും ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും കഴിഞ്ഞദിവസം കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് ആലങ്കാരികമായാണെങ്കിലും വിഷയത്തിന്റെ ഗൗരവത്തിലേയ്ക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയുടെയും വാഹനപെരുപ്പത്തിന്റെയും അനുപാതമനുസരിച്ചു റോഡുകളുടെ നിര്‍മാണവും വ്യാപ്തിയും ശാസ്ത്രീയമായ കാഴ്ചപാടുകളോടു കൂടിയുള്ളതല്ലെന്നതു യാഥാര്‍ഥ്യം.
കൊച്ചിയില്‍നിന്നു കുമരകത്തിലേയ്ക്കുള്ള റോഡ് യാത്രയില്‍ അനുഭവപ്പെട്ട പ്രയാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അശാസ്ത്രീയ രീതിയില്‍ റോഡ് നിര്‍മിക്കുന്നവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളമൊട്ടാകെയുള്ള റോഡുകള്‍ അശാസ്ത്രീയമായ രീതിയിലാണ് നിര്‍മിച്ചതെന്ന് അദ്ദേഹത്തിനറിയില്ലല്ലോ. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരേയുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നു സെപ്റ്റംബര്‍ 22 നാണ് ഒരു ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാറിനു സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയത്.
നിലവിലുള്ള നിയമത്തില്‍ ഇത്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കുള്ള ശിക്ഷ ലഘുവാണ്. കഠിനശിക്ഷ നല്‍കുംവിധമുള്ള നിയമഭേദഗതി നടത്തണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിനു മറുപടിയായി വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ രോഹ്തഗി സുപ്രിംകോടതിക്ക് ഉറപ്പുനല്‍കിയിയതുമാണ്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമഭേദഗതി ഉണ്ടാകുമെന്നു കരുതാം.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരവും മോട്ടോര്‍ വാഹന നിയമത്തിലെ 184 വകുപ്പുപ്രകാരവും പരമാവധി ശിക്ഷ രണ്ടുവര്‍ഷം തടവും പിഴയുമാണ്. ഇതു തീരെ അപ ര്യാപ്തമാണെന്നാണു സുപ്രിംകോടതിയുടെ കണ്ടെത്തല്‍. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാലും അമിതവേഗതയാലും റോഡപകടങ്ങള്‍ ഉണ്ടാകുന്നതുപോലെത്തന്നെ അശാസ്ത്രീയമായരീതിയില്‍ നിര്‍മിക്കപ്പെടുന്ന റോഡുകളും അപകടങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്.
ലോകത്തു സുരക്ഷിതമല്ലാത്ത റോഡുകളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. റോഡ് ഗതാഗത ഹൈവെ മന്ത്രാലയംതന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിദിനം ശരാശരി നാനൂറോളംപേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുവെന്ന ഹൈവേമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ നിസാരമായി എടുക്കേണ്ടതല്ല. വാഹനമോടിക്കുന്നവരുടെ അമിതവേഗതയും അശ്രദ്ധയുമാണ് ഇതിനു മുഖ്യകാരണമെങ്കിലും സുരക്ഷിതമല്ലാത്ത റോഡുകള്‍ അപകടങ്ങള്‍ക്കു വലിയ കാരണമാകുന്നുണ്ട്.
വിദേശരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ റോഡപകടങ്ങളില്‍ ഭൂരിഭാഗവുമുണ്ടാകുന്നത് അശ്രദ്ധകൊണ്ടും സുരക്ഷിതമല്ലാത്ത റോഡുകള്‍ മൂലവുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ രൂപപ്പെടുന്ന ഗര്‍ത്തങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ അപകടപ്പെടുന്നതു സാധാരണയാണ്. ഇത്തരം ഗട്ടറുകള്‍മൂലം അപകടങ്ങള്‍ വര്‍ദിപ്പിക്കുമ്പോഴാണു നാട്ടുകാര്‍ വാഴനട്ട് അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്നത്. തുടര്‍ന്ന്, മണ്ണിട്ട് കുഴികളടയ്ക്കുന്ന ചെപ്പടിവിദ്യകളുമായി പൊതുമരാമത്തുവകുപ്പ് രംഗത്തു വരികയും ചെയ്യും. സുരക്ഷിതമായ റോഡുകളുണ്ടായാല്‍ത്തന്നെ ഒരുപരിധി വരെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയും.
റോഡപകടങ്ങള്‍മൂലം മരിക്കുന്നവരുടെ ആശ്രിതര്‍ക്കു പത്തുലക്ഷം രൂപവരെ സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നുണ്ട്. ഒരുവര്‍ഷത്തില്‍ റോഡപകടങ്ങള്‍മൂലം നാനൂറോളംപേര്‍ മരണപ്പെടുമ്പോള്‍ ഈയിനത്തില്‍ സര്‍ക്കാര്‍ 10 കോടിയെങ്കിലും പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുമായി ചെലവഴിക്കേണ്ടിവരും. ഒരു ജില്ലയെങ്കിലും പ്രത്യേകമായെടുത്ത് അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മിക്കാന്‍ ഈ തുക മതിയാകും.
റോഡ് ഗതാഗതം സുഗമമാക്കാനും പെരുകുന്ന റോഡപകടങ്ങള്‍ക്ക് അറുതിവരുത്താനും കേന്ദ്രഗതാഗതവകുപ്പ് ആവിഷ്‌കരിക്കുന്ന പദ്ധതികളെല്ലാം പരാജയപ്പെടുകയാണെന്നു ഗതാഗതമന്ത്രാലയംതന്നെ സമ്മതിക്കുന്നു. രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് ഉപരിതല ഗതാഗത വകുപ്പു മന്ത്രിയായ നിതിന്‍ ഗഡ്കരിയും അറിയാതിരിക്കാന്‍ വഴിയില്ല. എന്തുകൊണ്ടാണു പദ്ധതികളെല്ലാം പരാജയപ്പെടുന്നതെന്ന് അന്വേഷിക്കാന്‍ അദ്ദേഹത്തിനും ബാധ്യതയുണ്ട്. റോഡ് നിര്‍മാണത്തിലെ അഴിമതിതന്നെയാണു മുഖ്യകാരണമെന്നു കണ്ടെത്താന്‍ വലിയ വൈദഗ്ധ്യമൊന്നും വേണ്ട.
റോഡുനിര്‍മാണത്തിനു കരാറെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ക്കും ചില എന്‍ജിനീയര്‍മാര്‍ക്കും കൈക്കൂലി നല്‍കി ജോലികളില്‍ കൃത്രിമം നടത്തിയാണു റോഡുപണികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനെയാണ് അശാസ്ത്രീയ രീതിയിലുള്ള റോഡ് നിര്‍മാണമെന്നു പറയുന്നത്. മന്ത്രി ഗഡ്കരി ആവശ്യപ്പെടുന്നതുപോലുള്ള ശാസ്ത്രീയരീതിയിലുള്ള റോഡ് നിര്‍മാണം സാധ്യമാകണമെങ്കില്‍ ഈ മേഖല അഴിമതിവിമുക്തമാകണം. അല്ലാത്തപക്ഷം മന്ത്രി പറയുന്നപോലെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിയില്ലെങ്കിലും തക്കതായ നഷ്ടപരിഹാരമെങ്കിലും ഈടാക്കണം.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം അമിതവേഗതയാലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമഭേദഗതി നടത്തുകയാണെങ്കില്‍ റോഡ് നിര്‍മ്മാണം തീവെട്ടിക്കൊള്ളയാക്കുന്ന റോഡ ് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരേയും കടുത്തശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതികൂടി ഉള്‍പ്പെടുത്തണം. അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരേയും റോഡ് നിര്‍മാണത്തില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരേയും നിലവിലുള്ള നിയമങ്ങള്‍ ദുര്‍ബലമായതുകൊണ്ടാണു റോഡപകടങ്ങള്‍ പെരുകുന്നത്. മോശം എന്‍ജിനീയറിങ്ങാണു റോഡ് നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം പറയുമ്പോള്‍ മോശം എന്‍ജിനീയറിങ് എന്നതിനെ അഴിമതിയെന്നും പറയാം. നിഷ്‌കര്‍ഷിക്കപ്പെട്ട അളവില്‍ മെറ്റലും ടാറും ചേര്‍ക്കാതെ മണ്ണും മണലും ചേര്‍ത്തു റോഡ് നിര്‍മിക്കുന്നതിനെയാണു ഗതാഗതമന്ത്രാലയത്തിന്റെ ഭാഷയില്‍ മോശം എന്‍ജിനീയറിങ് എന്നുപറയുന്നത്.
മഴ പെയ്യുമ്പോഴേയ്ക്കും റോഡ് കുത്തിയൊലിച്ചുപോവുകയും തുടര്‍ന്നുണ്ടാകുന്ന കുഴികളില്‍പ്പെട്ടു വാഹനാപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.റോഡ് പണി പൂര്‍ത്തിയായാല്‍ അതിന്റെ കാലാവധി നിശ്ചയിക്കപ്പെടണം. നിശ്ചിതകാലാവധിക്കുള്ളില്‍ റോഡു തകര്‍ന്നാല്‍ നിര്‍മാതാക്കളില്‍നിന്നു തക്കതായ നഷ്ടപരിഹാരമീടാക്കുന്ന നിയമനിര്‍മാണമാണു വേണ്ടത്. എന്നാല്‍ത്തന്നെ റോഡു പണികളിലെ 'അശാസ്ത്രീയം' ഒരു പരിധിവരെ ഇല്ലാതാക്കാം. മന്ത്രി ഗഡ്കരി അഭിപ്രായപ്പെടുന്നതുപോലെ കൊലപാതകക്കുറ്റം ഇത്തരം റോഡ് നിര്‍മ്മാതാക്കളുടെ മേല്‍ ചുമത്തേണ്ടിവരികയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."