ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്്‌നിം ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍ കണ്‍വീനാറായുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സമിതി അംഗങ്ങളുടെ ഒപ്പ് ശേഖരിക്കേണ്ട നടപടിക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരുന്നതാണെങ്കിലും സമിതി അംഗമായ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ ഒപ്പ് രേഖപ്പെടുത്താനാവാത്തതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
മെഡിക്കല്‍ ബോര്‍ഡ് 27ന് കൂടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യോഗം ചേരുന്നത് 26ലേക്ക് മാറ്റുകയായിരുന്നു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധയും സര്‍ക്കാര്‍ അഭിഭാഷകനും ഉള്‍പ്പെട്ട മൂന്നംഗസംഘമാണ് ആദ്യം ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍, ഒറ്റ സിറ്റിങ്ങില്‍ തന്നെ റിപ്പോര്‍ട്ട് തയാറാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യനെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പഠിച്ച് കൂടുതല്‍ വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ നിയോഗിച്ചിരുന്നത്. സമിതി അംഗങ്ങള്‍ രേഖകള്‍ വിശദമായി പഠിച്ചതിനുശേഷമാണ് യോഗം കൂടിയത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ലാബ് റിപ്പോര്‍ട്ട് തുടങ്ങിയവ വിശദമായി ചര്‍ച്ചചെയ്തു. എന്നാല്‍ ഗൗരവമേറിയ വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. അതേസമയം, ഷംനയുടെ മരണസമയം സംബന്ധിച്ച് ഇതുവരെ കൃത്യത വന്നിട്ടില്ലെന്നാണ് സൂചന. ജൂലൈ 18നാണ് കണ്ണൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകളും എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ ഷംന തസ്‌നിം മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പഠിക്കുന്ന മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സതേടിയ ഷംന കുത്തിവയ്പ്പിനെ തുടര്‍ന്ന് വായില്‍നിന്ന് നുരയും പതയും വന്ന് അവശനിലയിലാവുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഷംനയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച പൊലിസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."