ഏകാധ്യാപക വിദ്യാലയങ്ങളിലെ ഓണറേറിയം 7,500 രൂപയാക്കണമെന്ന് ഉത്തരവ്
കല്‍പ്പറ്റ: ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പ്രതിമാസം 7,500 രൂപയെങ്കിലും ഓണറേറിയം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വി.പി ബെന്നി നല്‍കിയ പരാതിയിലാണ് ഉത്തരവ്.
ഇ.പി.എഫ് ആനുകൂല്യങ്ങളും നല്‍കണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഉത്തരവിട്ടു.
ആദിവാസിമേഖലയിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 1997ലാണ് എകാധ്യാപക വിദ്യാലയങ്ങള്‍സ്ഥാപിച്ചത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നില്ല. തുടക്കത്തില്‍ 1,500 രൂപയായിരുന്നു അധ്യാപകരുടെ പ്രതിമാസ ഓണറേറിയം. 2014 ല്‍ ഇത് 3,500 രൂപയാക്കി. 2015 മാര്‍ച്ചിനു ശേഷം ഓണറേറിയം ലഭിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്.
വയനാട് ജില്ലയിലെ 37 എകാധ്യാപക വിദ്യാലയങ്ങളില്‍ 5,000 രൂപ ഓണറേറിയം നല്‍കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. എന്നാല്‍, ഏകാധ്യാപക വിദ്യാലയങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. എസ്.എസ്.എയുടെ ഭാഗമായിരുന്നപ്പോള്‍ ലഭ്യമായിരുന്ന ഇ.പി.എഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്നും വിശദീകരണത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."