ഹജ്ജ്; അടുത്തവര്‍ഷം മിനായിലെ തമ്പുകളിലെല്ലാം ശീതീകരണികള്‍
മക്ക: അടുത്തവര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി മിനായിലെ തമ്പുകള്‍ പൂര്‍ണമായും ശീതീകരിക്കുമെന്ന് മക്ക ഗവര്‍ണര്‍ വ്യക്തമാക്കി. സഊദി സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റയുടെ ഈ വര്‍ഷത്തെ ഹജ്ജ് വിലയിരുത്തല്‍ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ തമ്പുകളിലും എ.സി യൂനിറ്റുകള്‍ സജ്ജീകരിക്കാന്‍ സഊദി ഭരണാധികാരിയുടെ നിര്‍ദേശമുണ്ട്. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 30 ശതമാനം തമ്പുകള്‍ മാത്രമാണ് എയര്‍ കണ്ടീഷന്‍ സംവിധാനിച്ചിരുന്നത്. ഇതു മുഴുവനായും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷത്തെ ഹജ്ജ് ഏറ്റവും നല്ല നിലയിലാണ് നടന്നതും പര്യവസാനിച്ചതുമെന്നു സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി. ഉപകാരപ്രദമായ നിലയില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്തിയ മശാഇര്‍ ട്രെയിന്‍ സര്‍വിസ് വന്‍ വിജയമായിരുന്നു. ജംറ കല്ലേറ് കര്‍മത്തിലും മശാഇര്‍ സ്റ്റേഷനുകളിലും അനുഭവപ്പെടുന്ന തിരക്ക് നിയന്തിക്കുന്നതിനു സുരക്ഷാ വകുപ്പുകള്‍ക്കു പൂര്‍ണമായും കഴിഞ്ഞതായും യോഗം വിലയിരുത്തി.
അനധികൃത ഹജ്ജിനെത്തുന്നവരെ തടയുന്നതിനു ഈ വര്‍ഷം ഏറെക്കുറെ സാധിച്ചിട്ടുണ്ട്. അടുത്തവര്‍ഷം കൂടുതല്‍ ശക്തമായി ഇതു തുടരും. വ്യാജരേഖകള്‍ ഉപയോഗിച്ച് ഹജ്ജിനെത്തുകയും മക്കയിലേക്കു കടക്കാന്‍ സഹായിക്കുകയും ചെയ്തവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അത് പരസ്യപ്പെടുത്താനും യോഗം ശുപാര്‍ശ ചെയ്തു.
കൂടാതെ വിസിറ്റിങ് വിസ, ബിസിനസ് വിസ എന്നിവ ദുരുപയോഗം ചെയ്തു ഹജ്ജിനെത്തുന്നതു തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ടവരോട് സെന്‍ട്രല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഇ ട്രാക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും വിദേശികളുടെ വിരലടയാളവും കണ്ണ് അടയാളവും സ്വദേശങ്ങളില്‍ വച്ച് തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."