തെരുവ് നായ നിയന്ത്രണം: ഒരു കോടിയുടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
മലപ്പുറം: തെരുവു നായകളുടെ പ്രജനന നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നതിനു വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലം അനുവദിക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തെരുവു നായകളെ പിടികൂടി പ്രജനന നിയന്ത്രണത്തിനുള്ള ഓപ്പറേഷന്‍ നടത്തി അവയെ അല്‍പ ദിവസം ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കാന്‍ വനം വകുപ്പിന്റെ കൈവശമുള്ള കൃഷി ഫാമുകളില്‍ നിന്ന് സ്ഥലം അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഈ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഗവണ്‍മെന്റിന് നല്‍കിയ നിര്‍ദേശത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയിലാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു തീരുമാനം കൈ കൊണ്ടത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കലാണ് നിര്‍ദേശം ഭരണ സമിതിക്ക് മുമ്പാകെ വെച്ചത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷി ഫാമുകളില്‍ പട്ടികളെ കൊണ്ടു വന്ന് ഓപറേഷന്‍ നടത്തുന്നതിനുള്ള തിയേറ്റര്‍ നിര്‍മിക്കുവാനും മുറിവു മാറുന്നതു വരെ തുറസായ സ്ഥലത്ത് വേലി കെട്ടി സംരക്ഷിക്കുവാനും കഴിയില്ലെന്ന് ഫാം സൂപ്രണ്ടുമാരും കൃഷി വകുപ്പും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനവാസമില്ലാത്ത വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനു വേണ്ടി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ ഒരു കോടി രൂപ ചിലവ് വരുന്ന പ്രോജക്റ്റ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരവും വന മേഖലയില്‍ അനുയോജ്യമായ സ്ഥലവും ലഭ്യമാവുന്ന മുറക്ക് ഓപ്പറേഷന്‍ തീയ്യേറ്റര്‍ സജ്ജമാക്കുന്നതും പട്ടികളെ പിടിച്ച് കൊണ്ട് വരാനും പരിചരിക്കുവാനും ഓപ്പറേഷന്‍ നടത്തുവാനും പിന്നീട് നാലഞ്ച് ദിവസം പട്ടികളെ പാര്‍പ്പിക്കുവാനും തയ്യാറുള്ള ഏജന്‍സികളില്‍ നിന്ന് അനുയോജ്യരായവരെ കണ്ടെത്തി പദ്ധതി നടത്തിപ്പിനായി ഏല്‍പിക്കുകയും ചെയ്യുന്നതാണ്.
ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അംഗങ്ങളായ എ.കെ അബ്ദു റഹ്മാന്‍, അഡ്വ; പി.വി മനാഫ്, സലീ കുരുവമ്പലം, വെട്ടം ആലിക്കോയ, ഇസ്മായീല്‍ മൂത്തേടം, ടി.കെ റഷീദലി, ടി.പി അഷ്‌റഫലി, ഹനീഫ പുതുപറമ്പ് അഡ്വ: ഫൈസല്‍, ഒ.ടി ജയിംസ്, ദേവിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."