വാര്‍ഷിക പദ്ധതി: ഇനിയും അംഗീകാരം നേടാതെ ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങള്‍
മലപ്പുറം: വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞ് ദിവസങ്ങളായിട്ടും ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ അംഗീകാരം നേടിയില്ല. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുമുള്‍െപ്പടെ ജില്ലയില്‍ ആകെയുള്ള 122 തദ്ദേശ സ്ഥാപനങ്ങളില്‍ 99 എണ്ണമാണ് ഇതുവരെയായി ജില്ലാ വികസന സമിതിയുടെ അംഗീകാരം നേടിയിട്ടുള്ളത്. ഈ മാസം ഒമ്പതിനായിരുന്നു പദ്ധതി അംഗീകാരം നേടാനുള്ള അവസാന തിയതി. എന്നാല്‍ അതിനുശേഷം ആഴ്ചകള്‍ കഴിഞ്ഞിട്ടും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അംഗീകാരം നേടിയെടുക്കാനായിട്ടില്ല.
അതേസമയം ഈ മാസം ഒന്‍പതിനുശേഷം 30ാം തിയതി വരെ വാര്‍ഷിക പദ്ധതി ഡി.പി.സിക്ക് സമര്‍പ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് അഞ്ചു ശതമാനവും 30ന് ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 10 ശതമാനം തുകയും കുറവു വരുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇനിയും അംഗീകാരം നേടാനുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമാവും. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നവര്‍ക്ക് ഈ തുക നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പദ്ധതി അംഗീകാരം നേടാനുള്ള സമയ പരിധി സര്‍ക്കാര്‍ ഇതിനകം നാലു തവണ നീട്ടിയിട്ടുണ്ട. ഒടുവില്‍ പ്രഖ്യാപിച്ച തിയതിയായിരുന്നു ഈ മാസം ഒമ്പത്. നഗരസഭകളും പഞ്ചായത്തുകളും അംഗീകാരം നേടാന്‍ ബാക്കിയുണ്ടെങ്കിലും ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും നിശ്ചയിച്ച തിയതിക്കുള്ളില്‍ അംഗീകാരം നേടിയുട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചതാണ് പദ്ധതി അംഗീകാരം വൈകാനുള്ള കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."