ഭിന്നലിംഗക്കാര്‍ക്ക് നീതി ഉറപ്പുവരുത്താനൊരുങ്ങി ജില്ല; എല്ലാ രംഗത്തും ബോധവല്‍ക്കരണം കാര്യക്ഷമമാക്കും
മഞ്ചേരി: ഭിന്ന ലിംഗക്കാര്‍ക്കു നീതി ഉറപ്പുവരുത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും വളന്ററി ഹെല്‍ത്ത് സര്‍വീസും വുപുലമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ഇത്തരക്കാര്‍ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണു പുതിയ നീക്കം. അതിനായി വിവിധ തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു നീതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിവഴി നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി അഭിഭാഷകര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് ഈമാസം 30നു മഞ്ചേരി മലബാര്‍ ഹെറിറ്റേജില്‍ വെച്ചു നടത്തുമെന്നു സബ്ജഡ്ജ് രാജന്‍ തട്ടില്‍ അറിയിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും ഇതു വ്യാപിപ്പിക്കുമെങ്കിലും ആദ്യഘട്ടമെന്നോണം ജില്ലയാണിതിനു മുന്‍കൈയെടുത്തിരിക്കുന്നത്. ഭിന്ന ലിംഗക്കാരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി ലക്ഷ്യംവെക്കുന്നുണ്ട്. ആദ്യമായി ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
ഇതിന്റെ വളന്റിയര്‍മാരായി ഭിന്നലിംഗക്കാര്‍ക്കു പരിശീലനം നല്‍കി നിയമിക്കും. ജില്ലയില്‍ ഒരു അഭയകേന്ദ്രം വേണമെന്ന ആവശ്യമാണു മറ്റൊന്ന്. അതിനായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഫണ്ട് കണ്ടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. നിയമപരമായ ഇവരുടെ സഹായങ്ങള്‍ക്കായി ലീഗല്‍ ക്ലിനിക്കുകള്‍ തുടങ്ങുക, ജില്ലാ ജയിലുകളിലും പൊലിസ് സ്റ്റേഷനുകളിലും പ്രത്യേക സെല്ലുകള്‍ അനുവദിക്കുക തുടങ്ങിയ മറ്റു ആരോഗ്യപരമായ നിര്‍ദേശങ്ങളും കൂട്ടത്തില്‍ ഉണ്ട്.
ജില്ലയില്‍ ഏകദേശം 600ലേറെ പേര്‍ ഇത്തരക്കാരായി ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ ഭിന്ന ലിംഗക്കാര്‍ ഇതിലും കൂടുതലാണങ്കിലും ഭൂരിഭാഗംപേരും അന്യസംസ്ഥാനങ്ങളിലേക്കു കുടിയേറുകയാണ്. ഇവര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് നേരത്തെ മഞ്ചേരിയില്‍ വെച്ചു നടത്തിയിരുന്നു. രണ്ടാംഘട്ടമെന്നോണമാണ് അഭിഭാഷകര്‍ക്കും ഇത്തരത്തില്‍ ക്ലാസുകള്‍ നല്‍കുന്നത്. മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വരും ദിവസങ്ങളില്‍ ക്ലാസുകള്‍ നല്‍കാനാണു നീക്കം.
പൊതു ജനങ്ങളില്‍ നിന്നുള്‍പ്പെടെ എല്ലാ രംഗത്തും ഇവര്‍ക്കു നീതി ഉറപ്പാക്കുകയാണു പരിപാടിയുടെ ലക്ഷ്യം. മഞ്ചേരിയില്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസ് സബ് ജഡ്ജ് രാജന്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി അഭിഭാഷകന്‍ അനില്‍കുമാര്‍ പിള്ള ക്ലാസ് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."