ബേപ്പൂര്‍ തുറമുഖത്തെ കയറ്റിറക്ക് കൂലിപ്രശ്‌നം; എതിര്‍പ്പുമായി വെസ്സല്‍ ഏജന്റുമാര്‍
ഫറോക്ക്: തൊഴിലാളികളുടെ കൂലിവര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനമാകത്തതിനാല്‍ ബേപ്പൂര്‍ തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം നിര്‍ത്തിവയ്ക്കാന്‍ വെസ്സല്‍ ഏജന്റുമാരുടെ സംഘടനാ തീരുമാനം. രണ്ടുവര്‍ഷത്തിലൊരിക്കലാണ് തുറമുഖ തൊഴിലാളികളുടെ കൂലിവര്‍ധിപ്പിക്കാറുള്ളത്.
നേരത്തേയുള്ള വ്യവസ്ഥ പ്രകാരം കാലപരിധി ഈ മാസം 30ന് അവസാനിക്കും. ഒരു തവണ പോര്‍ട്ട് ഓഫിസറുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടന, വെസ്സല്‍ ഏജന്റുമാര്‍ എന്നിവരുടെ പ്രതിനിധികളുമായി ചര്‍ച്ചയുണ്ടായെങ്കിലും തീരുമാനമാകതെ പ്രശ്‌നം ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെസ്സല്‍ ഏജന്റുമാരെ സംഘടനയായ സെയിലിങ് വെസ്സല്‍ ഏജന്റ്‌സ് ആന്‍ഡ് ഷിപ്പ്‌മെന്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കടുത്ത തീരുമാനവുമായി രംഗത്തുവന്നത്. അതേസമയം കൂലി പ്രശ്‌നം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള സാവകാശമുണ്ടായിരിക്കെ വെസ്സല്‍ ഏജന്റുമാര്‍ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ടുവന്നതില്‍ തൊഴിലാളി സംഘടനകള്‍ അതൃപ്തിയിലാണ്.
നാലുമാസത്തെ ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള മണ്‍സൂണ്‍കാല നിരോധനം സെംപ്റ്റംബര്‍ 15നാണ് അവസാനിച്ചതെങ്കിലും ഇതുവരെയും ചരക്ക് നീക്കം ആരംഭിച്ചിട്ടില്ല. വൈകിയെങ്കിലും ലക്ഷദ്വീപിലേക്കുള്ള ചരക്ക് കയറ്റിറക്കിനായി ഉരുക്കള്‍ തയാറെടുപ്പ് നടത്തിവരുന്നതിനിടെയാണ് കൂലി പ്രശ്‌നത്തില്‍ ഏജന്റുമാര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. മംഗലാപുരം ഉള്‍പ്പെടെയുള്ള മറ്റുതുറമുഖങ്ങളിലേതിനേക്കാള്‍ ചരക്ക് കയറ്റിറക്കിന് തൊഴിലാളികളുടെ കൂലി നിരക്കില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ വര്‍ധനയാണ് ബേപ്പൂരിലുള്ളതെന്നാണ് വെസ്സല്‍ ഏജന്റുമാരുടെ മുഖ്യആക്ഷേപം.
ലക്ഷദ്വീപിലേക്കുള്ള ഭക്ഷ്യോല്‍പന്നങ്ങളും പാചകവാതകങ്ങളും നിര്‍മാണ വസ്തുക്കളുമാണ് ബേപ്പൂരില്‍ നിന്നു കയറ്റി അയക്കുന്നത്. കൂലിവര്‍ധനവ് സംബന്ധിച്ചു വെസ്സല്‍ ഏജന്റുമാരുടെ നിലപാട് പോര്‍ട്ട് ഓഫിസര്‍ക്കും ലക്ഷദ്വീപ് ഭരണകൂടുവുമായി ബന്ധപ്പെട്ട വിവിധ വകുപ്പകള്‍ക്കും രേഖാമൂലം അറിയിച്ചിട്ടുണ്ട്. വെസ്സല്‍ ഏജന്റുമാരുടെ സംഘടനാ യോഗത്തില്‍ പ്രസിഡന്റ് കെ. ഉമ്മര്‍കോയ അധ്യക്ഷനായി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഷമീല്‍, ജനറല്‍ സെക്രട്ടറി കെ.വി റഫീഖ്, എം. മഹ്‌റൂഫ് സംസാരിച്ചു.
അതേസമയം ബേപ്പൂര്‍ തുറമുഖത്ത് 200 തൊഴിലാളികളാണ് വിവിധ സംഘടനകളിലായി പണിയെടുക്കുന്നത്. ഇവരെ പ്രതിനിധീകരിച്ചു തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം യഥാസമയം തുറമുഖത്ത് നിന്നുള്ള ചരക്ക് കയറ്റിറക്ക് സുഖമമായി ആരംഭിക്കണമെന്ന ഉറച്ചനിലപാടിലാണ്. പതിവ് രീതിയില്‍ കൂലിവര്‍ധന നടപ്പിലാക്കി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് തുറമുഖ വകുപ്പും ബന്ധപ്പെട്ട അധികൃതരും ഉടന്‍ ഇടപെടണമെന്നും തൊഴിലാളി സംഘടനകള്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."