മെഡിക്കല്‍ കോളജില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; അനില്‍ അക്കര ഹരജി നല്‍കി
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിദിനം ആയിരകണക്കിന്‌പേരെത്തുന്ന ഇവിടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു.
പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള നിര്‍ധന രോഗികള്‍ ചികിത്സക്കെത്തുന്ന രണ്ട് ആശുപത്രികളിലായി 1700 കിടക്കകളാണ് ഉള്ളത്. എന്നാല്‍ 3400 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ മാരക രോഗമുള്ളവര്‍പോലും വരാന്തകളില്‍ ചികിത്സ തേടേണ്ട അവസ്ഥയാണ്. രാത്രിയില്‍ ആവശ്യമായ ബസുകള്‍ പോലും മെഡിക്കല്‍ കോളജിലേക്കില്ല. ആവശ്യത്തിന് ഡോക്ടര്‍മാരും, മറ്റു ജീവനക്കാരും ഇല്ലാത്ത സ്ഥിതിയാണ്. 328 ഡോക്ടര്‍മാരുടെ തസ്തിക നിലവിലുള്ളപ്പോള്‍ 70 ഓളം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ നേഴ്‌സിങ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 500 ഓളം തസ്തിക ഉണ്ടെങ്കിലും നൂറോളം ഒഴിഞ്ഞ് കിടക്കുന്നു.
ശുചീകരണ വിഭാഗം നേഴ്‌സിങ് ഹെല്‍പ്പര്‍, സെക്യൂരിറ്റി തുടങ്ങിയ ക്ലാസ് ഫോര്‍ ഒഴിവുകളില്‍ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി. എ സ് വഴിയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഇവരെ പിരിച്ചുവിടുന്നതും പതിവാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് പുതിയ നിയമനം വരുന്നതുവരെ ഇവരെ നിലനിര്‍ത്തണമെന്നും എം.എല്‍.എ ഹരജിയില്‍ പറയുന്നു.
ആശുപത്രിയിലെ ഖര, ദ്രവ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതുമൂലം പരിസരത്തെ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. ഹൃദയ സംബന്ധമായ ചികിത്സക്ക് നിരവധിപേര്‍ ആശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും മികച്ച ചികിത്സ ഇവിടെ ലഭ്യമല്ല. കളര്‍ ഡോപ്ലര്‍, ആന്‍ജിയോ ഗ്രാം സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉറപ്പുവരുത്തണമെന്നും അനില്‍ ആവശ്യപ്പെടുന്നു. കാത്ത് ലാബ് സൗകര്യം ഉറപ്പാക്കണം, വോള്‍ട്ടേജ് ക്ഷാമം മൂലം ഉണ്ടാകുന്ന ജന ദുരിതത്തിന് പരിഹാരം കാണണമെന്നും ഐ.സി.യുവില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും ജില്ലയിലെ മുഴുവന്‍ എം.പിമാരേയും എം .എല്‍.എമാരേയും ആശുപത്രി വികസന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."