. ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണം വൈകുന്നു; പഞ്ചായത്ത് യോഗത്തില്‍ ബഹളം
പെര്‍ള: എന്‍മകജെ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണം വൈകുന്നതിനെച്ചൊല്ലി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം. ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങളാണു ബഹളം വച്ചത്. ലോക ബാങ്കില്‍ നിന്നു വായ്പയെടുത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ലോക ബാങ്ക് ഫണ്ട് അട്ടിമറിക്കാനാണു നിലവില്‍ പഞ്ചായത്തു ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നതെന്നു യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ ആരോപിച്ചു.
നേരത്തെ യു.ഡി.എഫ് ഭരണസമിതി തീരുമാനമെടുത്തിരുന്നുവെങ്കിലും ഈ തീരുമാനത്തില്‍ പഞ്ചായത്തു പ്രസിഡന്റും സെക്രട്ടറിയും ഒപ്പുവച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ ബി.ജെ.പി ഭരണസമിതിയാണു തടസ്സങ്ങള്‍ മാറ്റി ഷോപ്പിങ്ങ് കോംപ്ലക്‌സ് പണിയാന്‍ ഒരുങ്ങുന്നതെന്നും ബി.ജെ.പി അംഗങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ അന്നത്തെ മിനുട്ട്‌സ് യോഗത്തില്‍ വെക്കണമെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അതു വേണ്ടെന്നും ഇക്കാര്യം നേരത്തെ പഞ്ചായത്തു ഭരണം നടത്തിയവര്‍ക്ക് അറിയാമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട്. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ബഹളം വച്ചത്.
ഇതോടെ ബി.ജെ.പി അംഗങ്ങളും എഴുന്നേറ്റു. ഇതോടെ ബഹളം നിയന്ത്രണാതീതമായി. ഒരു ഘട്ടത്തില്‍ സീറ്റു വിട്ടെഴുന്നേറ്റ ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയാങ്കളി നടത്തുമോയെന്ന ആശങ്കയുമുണ്ടായി. തുടര്‍ന്നു യോഗം അവസാനിച്ചതായി പ്രസിഡന്റ് രൂപവാണി ആര്‍. ഭട്ട് അറിയിച്ചതോടെയാണു ബഹളത്തിനു ശമനമുണ്ടായത്.
ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയതിനു യു.ഡി.എഫ് അംഗങ്ങളായ അബൂബക്കര്‍ സിദ്ദിഖ് ഹാജി, ഐത്തപ്പ കുളാല്‍, ജയശ്രീ, സിദ്ദിഖ് ഗുണാജെ എന്നിവരെ സസ്‌പെന്റ് ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."