ഉപജില്ലാ സ്‌കൂള്‍ മേളകളുടെ നടത്തിപ്പ് അവതാളത്തിലായി
പെരുമ്പാവൂര്‍: ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ യാതൊരു തരത്തിലുള്ള പണപ്പിരിവും പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഉപജില്ലാ സകൂള്‍ മേളകളുടെ നടത്തിപ്പ് അവതാളത്തിലാക്കി.
ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളിലായിട്ടാണ് ഉപജില്ല തലത്തില്‍ ശാസത്രസാമൂഹ്യ ഗണിതശാസ്ത്ര ഐ.ടി മേളകളും, യുവജനോത്സവവും, സപോര്‍ട്‌സ് മത്സരങ്ങളുംനടക്കേണ്ടത്. എന്നാല്‍ ഈ മേളകള്‍ നടത്താന്‍ സര്‍ക്കാരില്‍ നിന്നു സഹായമായി കിട്ടുന്നതു നാമമാത്രമായ തുകയാണ്.
അതേസമയം ജില്ലാ സംസ്ഥാനമേളകള്‍നടത്തുന്നതിനു സംസ്ഥാന തലത്തില്‍ തന്നെ ഫണ്ട് യഥേഷ്ടം ഉള്ളതിനാല്‍ അതിനെ സാമ്പത്തിക ഞെരുക്കം കാര്യമായി ബാധിക്കുന്നില്ല. ഉപജില്ല തലത്തില്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തുന്നതില്‍ എറണാകുളം ജില്ലയില്‍ ഒരു ഉപജില്ലക്ക് എട്ടുലക്ഷം മുതല്‍ 15 ലക്ഷം വരെ ചിലവു വരുന്നതായി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ തുകയില്‍ നല്ലൊരു ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നു കൂപ്പണ്‍ വഴിയാണു സമാഹരിച്ചിരുന്നത്.
ബാക്കി വരുന്നതുക പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചാണു നടത്തിയിരുന്നത്. എന്നാല്‍ ബാലവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരം യാതൊരു തരത്തിലുള്ള പിരിവും പാടില്ലെന്ന നിര്‍ദേശമാണു പ്രയാസകരമായി വന്നിരിക്കുന്നത്. പരിപാടി നടത്താന്‍ നിശ്ചയിക്കപ്പെടുന്ന വിദ്യാലയങ്ങളും വിദ്യാഭ്യാസ ഓഫിസറും അധ്യാപകരും ഒത്തു ചേര്‍ന്നാണു നാളിതുവരെ മേളകള്‍ക്കു പണം ശേഖരിച്ചിരുന്നത്.
ഇത്തരത്തിലുള്ള ഉത്തരവ് നിലനില്‍ക്കെ ഇത്തരത്തില്‍ ഭീമമായ തുക എങ്ങനെ സമാഹരിക്കും എന്നറിയാതെ പല ഉപജില്ലകളിലും ഇതുവരെ എന്നാണു മേളകള്‍ നടത്തുന്നതെന്ന ചര്‍ച്ചകള്‍ പോലും തടസപ്പെട്ട അവസ്ഥയുള്ളത്. എന്നാല്‍ ഉപജില്ല തലത്തില്‍ മേളകള്‍ നടത്തുന്നതിനു സര്‍ക്കാറില്‍ നിന്നും തുക ലഭിക്കണമെന്ന് അധ്യാപക സംഘടനകളും ഏകകണ്ഠമായി ആവശ്യപെട്ടിട്ടുണ്ടങ്കിലും ഇതിന് അനുകൂലമായ ഉത്തരവ് ഇതുവരെ കിട്ടിയട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."