പ്രാദേശികവികസന ഫണ്ട് പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കണം: എം.പി
കൊല്ലം: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എം.പി നിര്‍ദേശിക്കുന്ന പ്രവൃത്തികളുടെ ഭരണാനുമതി സമയബന്ധിതമായി നല്‍കാനും നിര്‍വഹണപ്രക്രിയ നിശ്ചിത സമയത്തിനുളളില്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ ധാരണയായി. ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് വെയിറ്റിങ് ഷെഡുകള്‍ എന്നിവയുടെ നിര്‍മാണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള സമ്മതപത്രം ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
എം.പി നിര്‍ദേശിച്ച 2014-15, 2015-16 വര്‍ഷത്തേക്കുള്ള 10 കോടി രൂപയുടെ 362 നിര്‍മാണ പ്രവൃത്തികളില്‍ 228 എണ്ണത്തിന് അനുമതി ലഭിച്ചു. ഇതില്‍ 152 എണ്ണം പൂര്‍ത്തീകരിച്ചു. 76 പ്രവൃത്തികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ മിത്രി ടി, പ്ലാനിങ് ഓഫിസര്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, ബ്ലോക്ക് ഡവല്പ്പമെന്റ് ഓഫീസര്‍മാര്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."