വിദൂര വിദ്യാഭ്യാസ സ്ഥാപനത്തില്‍ റെയ്ഡ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു
തലശ്ശേരി: തലശ്ശേരിയിലെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വിവിധ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും പാര്‍ട്ണറെയും കസ്റ്റഡിയിലെടുക്കുകയും ഓഫിസ് പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു. കടല്‍പ്പാലം റോഡിലെ അമര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന അമൃത കോളജ് സ്ഥാപന ഉടമ പിണറായി പാറപ്രത്തെ അമൃതത്തില്‍ വടക്കയില്‍ അജയന്‍(46), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ടിന്റു (30)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ അഞ്ച് സ്ത്രീ ജീവനക്കാര്‍ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെ സംശയം തോന്നിയാണ് പൊലിസ് റെയ്ഡ് നടത്തിയത്. വൈകുന്നേരം ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. ഉടമ അജയന്റെ പിണറായി പാറപ്രത്തെ അമൃതം എന്ന വീട്ടിലും തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റികളും മറ്റും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാര്‍ട്ണര്‍ ടിന്റുവിന്റെ തിരുവന്തപുരം വട്ടിയൂര്‍കാവിലെ വസതിയിലും രാത്രി വൈകി പൊലിസ് റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."