തര്‍ക്കത്തിനൊടുവില്‍ തേടിയെത്തിയ പദവി
തലശ്ശേരി: ജനതാദള്‍(യു) ജില്ലാ പ്രസിഡന്റായി മുന്‍ മന്ത്രി കെ.പി മോഹനനെ തെരഞ്ഞടുത്തത് ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ കെ.പി മോഹനനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിച്ചത്. നിലവിലെ ജില്ലാ പ്രസിഡന്റ് വി.കെ കുഞ്ഞിരാമന്‍ വീണ്ടും മത്സര രംഗത്ത് ഇറങ്ങിയതാണ് കെ.പി മോഹനന് സ്ഥാനം ലഭിക്കാന്‍ കാരണമായത്. കുഞ്ഞിരാമനെതിരേ യുവനിരയില്‍ നിന്നു കെ.പി പ്രശാന്ത് മത്സര രംഗത്ത് വന്നതോടെ കെ.പി മോഹനന്റെ പേര് മൂന്നാമതായി ഉയര്‍ന്നു വന്നു.
പയ്യന്നൂര്‍, കണ്ണൂര്‍, ഇരിക്കൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ 60 അംഗങ്ങളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഏറെ പരാതിക്കിടയാക്കിയിരുന്നു. ഇതിനെതിരേ ഒരു വിഭാഗം സംസ്ഥാന റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം കെ.പി മോഹനനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് പാര്‍ട്ടിയിലെ ഉള്‍പ്പോരിനു താല്‍ക്കാലിക ശമനം കാണുകയായിരുന്നു. നേരത്തെ വി.കെ കുഞ്ഞിരാമന്റെ പല നിലപാടുകളും പാര്‍ട്ടിയിലെ യുവജന വിഭാഗത്തിനു ഉള്‍പ്പെടെ അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി മോഹനന്‍ കൂത്തുപറമ്പ് മണ്ഡലത്തിലും മട്ടന്നൂര്‍ മണ്ഡലത്തില്‍ കെ.പി പ്രശാന്തും കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടായി പാര്‍ട്ടി യോഗം വിലയിരുത്തിയിരുന്നു. ഇതോടെയാണ് കുഞ്ഞിരാമനെ ഒഴിവാക്കാനുള്ള തന്ത്രമെന്ന നിലയില്‍ കെ.പി പ്രശാന്ത് മത്സര രംഗത്തു വന്നത്. യുവജന വിഭാഗത്തിന്റെയും കെ.പി മോഹനനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തിന്റെയും പിന്‍തുണയോടെയാണ് പ്രശാന്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയതും. ഒടുവില്‍ പ്രബലമായ ഈ വിഭാഗം പ്രതീക്ഷിച്ച പോലെ വി.കെ കുഞ്ഞിരാമനെ നീക്കാനും സാധിച്ചു. നിലവില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.പി മോഹനന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു വരുന്നത് പാര്‍ട്ടിയില്‍ ഇന്നുണ്ടായ പൊട്ടിത്തെറിയെ ശമിപ്പിക്കാന്‍ ഏറെ സഹായിക്കുമെന്നും അണികള്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."