റെയില്‍വേ ചരിത്രത്തില്‍ വള്ളത്തോള്‍നഗര്‍ സ്റ്റേഷന് വില്ലന്‍ പരിവേഷം
ചെറുതുരുത്തി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷന് വില്ലന്‍ പരിവേഷം. അധികൃതരുടെ നിരന്തര അവഗണനയും ഭൂമി ശാസ്ത്രപരമായ കിടപ്പും സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി സ്റ്റേഷനെ മാറ്റുകയാണ്. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ ഗോവിന്ദച്ചാമി മൃഗീയമായി കൊലപ്പെടുത്തിയതോടെയാണ് ഷൊര്‍ണൂരിനും, വടക്കാഞ്ചേരിക്കും ഇടയിലുള്ള ഈ സ്റ്റേഷന്‍ ലോകം മുഴുവന്‍ കുപ്രസിദ്ധമാകുന്നത്. അന്ന് ഗോവിന്ദചാമിയുടെ ക്രൂരതയ്ക്ക് വളമായത് സ്റ്റേഷനിലെ സുരക്ഷയില്ലായ്മയും, പരിസരത്തെ വെളിച്ച കുറുവുമായിരുന്നു. അന്നത്തെ അവസ്ഥ അതിനേക്കാള്‍ രൂക്ഷമായി ഇന്നും നിലനില്‍ക്കുകയാണ്. സൗമ്യയുടെ മരണം സൃഷ്ടിച്ച പ്രകമ്പനം കെട്ടടങ്ങിയതോടെ പ്രഖ്യാപനങ്ങളെല്ലാം അധികൃതരും മറന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വള്ളത്തോള്‍നഗര്‍ സ്റ്റേഷനില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ചരക്ക് തീവണ്ടി പാളം തെറ്റിയതും, ഏതാനും ട്രെയിനുകളുടെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതുമെല്ലാമെന്ന് ജനങ്ങള്‍ പറയുന്നു.
റെയില്‍വേ സ്റ്റേഷനില്‍ തന്നെ നിരവധി പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ മാനസിക രോഗി ഗര്‍ഭിണിയടക്കമുള്ള 20 ഓളം വനിതകളെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയത് 15 മിനുട്ടോളമാണ്. തൃശൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ പൂങ്കുന്നത്ത് എത്തിയപ്പോള്‍ യുവാവ് വനിത കംപാര്‍ട്ട്‌മെന്റിലേക്ക് ഓടി കയറി.
ഇതോടെ സ്ത്രീകള്‍ ഇയാളെ ബലമായി ഇറക്കി വിട്ടെങ്കിലും ട്രെയിന്‍ വടക്കാഞ്ചേരിയിലെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും കംപാര്‍ട്ട്‌മെന്റില്‍ ഓടി കയറി. റെയില്‍വേ അധികൃതരെ വിവരമറിയിച്ചപ്പോള്‍ വാതിലുകള്‍ അടച്ചിടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വാതിലുകള്‍ക്ക് കൊളുത്തില്ലാത്തത് പ്രതിസന്ധിയായി. തുടര്‍ന്ന് ഏതാനും സ്ത്രീകള്‍ വാതില്‍ തള്ളി പിടിച്ച് നിന്നാണ് യുവാവിനെ ട്രെയിനിനുള്ളില്‍ കയറ്റാതെ അകറ്റി നിര്‍ത്തിയത്.
ഈ സമയമത്രയും യുവാവ് കമ്പിയില്‍ തൂങ്ങി കിടന്ന് ഭീതിയോടെ കരയുന്ന സ്ത്രീകളെ അസഭ്യം പറയുകയായിരുന്നുവത്രെ. അപായ ചങ്ങല വലിച്ചിട്ടും ആരും വനിതകളുടെ രക്ഷയ്ക്ക് എത്തിയില്ലെന്ന പരാതിയുമുണ്ട്.
ഏറെ നേരത്തിന് ശേഷം ഏതാനും പേര്‍ ചേര്‍ന്ന് ഓടിയെത്തുകയും ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. ട്രെയിനില്‍ വനിതകള്‍ക്ക് സുരക്ഷയൊരുക്കാന്‍ വനിതാ കംപാര്‍ട്ട്‌മെന്റില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്നും വനിതാ ഗാര്‍ഡുമാരെ ഡ്യൂട്ടിക്കിടുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയ റെയില്‍വേയുടെ ജനങ്ങളോടുള്ള വെല്ലുവിളിയുടെ ഏറ്റവും മികച്ച ഉദാഹരണമായിരിക്കുകയാണ് പുതിയ സംഭവം. ട്രെയിന്‍ യാത്രക്ക് സുരക്ഷ വേണമെങ്കില്‍ സ്വയം പ്രതിരോധം ആവശ്യമാണെന്ന സന്ദേശവും പുതിയ സംഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."