ജി.എസ്.ടി: സേവനനികുതി സംബന്ധിച്ച് തര്‍ക്കം
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സംവിധാനം നടപ്പിലാവുമ്പോള്‍ സേവന നികുതി പിരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ തര്‍ക്കം. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടിയുടെ രണ്ടാമത് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. ഒന്നരക്കോടിരൂപ വരെ വരുമാന പരിധിയില്‍ വരുന്ന നികുതി കേന്ദ്രം നേരിട്ട് പിരിച്ചെടുക്കുന്നതില്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനമായിരുന്നു.
എന്നാല്‍ ഇന്നലെ ഇതിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തുവന്നു. ഇത്തരത്തില്‍ കേന്ദ്രം നികുതി പിരിക്കുകയാണെങ്കില്‍ തന്നെ നിശ്ചിത കാലപരിധി വയ്ക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. അമ്പത്‌ലക്ഷം മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യവസായങ്ങളുടെ സേവനനികുതി പിരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കേരളാ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. ബി.ജെ.പിയിതര കക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു. അടുത്ത മാസം 18ന് ചേരുന്ന കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറി തലസമിതിക്ക് രൂപം നല്‍കി.അതേസമയം വ്യവസായങ്ങളുടേയും വളര്‍ച്ചനിരക്കിന്റേയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ മേഖലകളാക്കി തിരിച്ച് നികുതിയിളവ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് യോഗം അംഗീകരിച്ചു. നികുതിയിളവ് പിന്‍വലിക്കുമ്പോഴുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തിലും യോഗം ധാരണയിലെത്തി. ഒരു കമ്പനിക്കും ജി.എസ്.ടിയിലൂടെ നികുതി ഇളവ് നല്‍കണ്ടേതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. ആദ്യം നികുതി പിരിച്ചശേഷം യോഗ്യരായ കമ്പനികള്‍ക്ക് ബജറ്റ് നിര്‍ദേശത്തിലൂടെ നികുതി ഇളവ് നല്‍കുന്ന രീതിക്കാണ് അംഗീകാരം നല്‍കിയത്. ഷെയര്‍, റീഫണ്ട്, രജിസ്‌ട്രേഷന്‍ തുടങ്ങിയ അഞ്ച് പ്രധാന വിഷയങ്ങളിലും യോഗം ധാരണയിലെത്തി. കേരളത്തില്‍ നിന്ന് തോമസ് ഐസക്കിനെ കൂടാതെ അഡീഷനല്‍ ചീഫ് സെക്രട്ടറി (നികുതി) പി. മാര പാണ്ഡ്യം, വാണിജ്യനികുതി വിഭാഗം കമ്മിഷണര്‍ രാജന്‍ കോബ്രഗഡെ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."